Kerala
നദി സംരക്ഷണത്തിനായി ഒരു ജനകീയ കേന്ദ്രംനദി സംരക്ഷണത്തിനായി ഒരു ജനകീയ കേന്ദ്രം
Kerala

നദി സംരക്ഷണത്തിനായി ഒരു ജനകീയ കേന്ദ്രം

Subin
|
20 March 2017 12:04 PM GMT

പമ്പ സംരക്ഷണസമിതിയുടെ നേതൃത്വത്വത്തില്‍ രൂപം കൊണ്ട പരിസ്ഥിതി വിജ്ഞാന കേന്ദ്രം ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ പ്രാദേശിക പരിസ്ഥിതി ശാസ്ത്രപഠനകേന്ദ്രമാണ്.

നദി സംരക്ഷണ പഠനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രം ഒരു ജനകീയ കേന്ദ്രം. അത്തരത്തിലൊരു ജനകീയ ചെറുത്തുനില്‍പ്പിന്റെ വിജയഗാഥയാണ് പത്തനംതിട്ട മാരാമണില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പരിസ്ഥിതി വിജ്ഞാന കേന്ദ്രത്തിന് പറയാനുള്ളത്. പമ്പ സംരക്ഷണസമിതിയുടെ നേതൃത്വത്വത്തില്‍ രൂപം കൊണ്ട പരിസ്ഥിതി വിജ്ഞാന കേന്ദ്രം ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ പ്രാദേശിക പരിസ്ഥിതി ശാസ്ത്രപഠനകേന്ദ്രമാണ്.

കേരളത്തിലെ നദി സംരക്ഷണത്തെക്കുറിച്ച് ശാസ്ത്രീയമായി പഠന ഗവേഷണങ്ങള്‍ നടത്തുകയും ചെറുത്ത് നില്‍പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതില്‍ ചുരുങ്ങിയ കാലംകൊണ്ട് മാതൃക തീര്‍ക്കാന്‍ ഈ പരിസ്ഥിതി വിജ്ഞാന കേന്ദ്രത്തിനായി. പരിസ്ഥിതി പ്രവര്‍ത്തകനായ എന്‍ കെ സുകുമാരന്‍ നായരുടെ ആശയമാണ് പ്രാദേശിക പരിസ്ഥിതി വിജ്ഞാന കേന്ദ്രമെന്ന ആശയത്തിന് വഴിമരുന്നിട്ടത്. കേരളത്തിലാദ്യമായി പഞ്ചായത്തുകള്‍ കൂട്ടിയോജിപ്പിച്ച് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് സമിതികള്‍ രൂപീകരിക്കുന്നതില്‍ പരിസ്ഥിതി വിജ്ഞാന കേന്ദ്രത്തിന് നിര്‍ണായക പങ്ക്‌വഹിക്കാനായി.

വളര്‍ച്ചയുടെ പഠവുകള്‍ ഓരോന്നായി മറികടന്ന ഈ പരിസ്ഥിതി വിജ്ഞാനാ കേന്ദ്രമിന്ന് ഗവേഷക വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും പഠന ഗവേഷണങ്ങള്‍ക്കായി എത്തിച്ചേരുന്ന ഗ്രാമീണ സര്‍വകലാശാലയായി മാറി. മികച്ച പുസ്തക ശേഖരം, പരിസ്ഥിതി വിജ്ഞാന സദസുകള്‍, പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രാദേശിക ചെറുത്തുനില്‍പുകളുടെ ഏകോപന കേന്ദ്രം തുടങ്ങി, ഒരു പരിസ്ഥിതി വിജ്ഞാന കേന്ദ്രത്തിന് എത്തിപ്പിടിക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിക്കാനായി.

പമ്പ നദിയെപ്പറ്റിയും കേരളത്തിലെ ഇതര നദികളെപ്പറ്റിയും അറിയേണ്ടതെല്ലാം ഇവിടെ ലഭ്യം. പരിസ്ഥിതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഒറ്റപ്പെട്ട ശബ്ദമായി മാറുന്ന കാലത്ത് വേറിട്ടവഴി വെട്ടിത്തെളിക്കുകയാണ് സുകുമാരന്‍ നായരെന്ന ഈ പരിസ്ഥിതി പ്രവര്‍ത്തകനും അദ്ദേഹം തുടക്കമിട്ട പരിസ്ഥിതി വിഞ്ജാന കേന്ദ്രവും.

Related Tags :
Similar Posts