Kerala
Kerala

തെരുവ് നായ: സംഘടനാ കൊല വേണ്ടെന്ന് സുപ്രിം കോടതി

Damodaran
|
24 March 2017 1:26 PM GMT

സംസ്ഥാന സര്‍ക്കാരിന് നായ്ക്കളെ കൊല്ലാന്‍ അധികാരമുണ്ട്. നായ്ക്കളെ കൊല്ലുന്ന സംഘടനക്കുറിച്ച് സിരിജഗന്‍ കമ്മറ്റി അന്വേഷിക്കും. ജോസ് മാവേലി കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണം

അക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രിം കോടതി. എന്നാല്‍ നായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്തരം സംഘടനകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിരിജഗന്‍ കമ്മറ്റിയോട് നിര്‍ദേശിച്ചു. നായ്ക്കളെ കൊന്നവര്‍ക്കെതിരെ എടുത്ത കേസുകളുടെ വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

നായ്ക്കളെ കൊല്ലുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ രൂക്ഷമായാണ് സുപ്രിം കോടതി വിമര്‍ശിച്ചത്. ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. ഇതിനായി സുപ്രിം കോടതിയും, കേന്ദ്ര സര്‍ക്കാരുകളും നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മതി. എന്നാല്‍ നായ്ക്കളെ കൊല്ലാന്‍ സംഘടനകള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. നായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇത്തരത്തിലുള്ള സംഘടനകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റിയോട് കോടതി ഉത്തരവിട്ടു.

തെരുവ് നായ്ക്കളെ കൊല്ലാന്‍ പരസ്യമായി ആഹ്വാനം ചെയ്ത ജോസ് മാവേലിയെക്കുറിച്ചുള്ള വിവരങ്ങള്‍ മൃഗ സംരക്ഷകണ സംഘടനകള്‍ കോടതിയെ അറിയിച്ചു. ഇതനുസരിച്ച് ജോസ് മാവേലിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതിയോട് ഉത്തരവിട്ടു. തെരുവ് നായക്കളെ കൊന്ന വ്യക്തികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഫെബ്രുവരി 22ന് കേസ് വീണ്ടും പരിഗണിക്കും.

Related Tags :
Similar Posts