നികുതിയിളവ് കേസില്‍ മാണിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കി
|തൃശ്ശൂരിലെ തോംസണ്‍ ഗ്രൂപ്പിന് 62 കോടി രൂപയുടെ കോഴി നികുതി കെ എം മാണി സ്റ്റേ ചെയ്തത് അഴിമതിയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു
നികുതിയിളവ് കേസില്‍ കെ.എം മാണിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കി. മണി പദവി ദുരുപയോഗം ചെയ്തതിലൂടെ കോടികളുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് ഉണ്ടായെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. നികുതിയിളവ് കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്തമാസം 4 ന് വീണ്ടും പരിഗണിക്കും.
തൃശ്ശൂരിലെ തോംസണ്‍ ഗ്രൂപ്പിന് 62 കോടി രൂപയുടെ കോഴി നികുതി കെ എം മാണി സ്റ്റേ ചെയ്തത് അഴിമതിയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. 5 ലക്ഷത്തിന് മുകളിലുള്ള നികുതി സ്റ്റേചെയ്യാന്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അധികാരമിള്ളുവെന്നിരിക്കെയാണ് കെ എം മാണി 62 കോടി രൂപ സ്റ്റേ ചെയ്ത്. ഇതുസംബന്ധിച്ച് 2013 ജനുവരി 20 ലെ ഉത്തരവടങ്ങിയ ഫയല്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നികുതിയിളവ് പുനപരിശോധിക്കാന്‍ മാത്രമാണ് താന്‍ നിര്‍ദേശിച്ചതെന്ന മാണിയുടെ വാദം തള്ളികളയുന്നതാണ് ഇത്. ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക് ഫിനാന്‍സ് ബില്ലിലൂടെ നികുതി 12 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി മുന്‍കാല പ്രാബല്യത്തോടെ കുറച്ച് നല്‍കിയതിലൂടെ കോടികളുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കി. ഇതുമൂലം 2009 മുതല്‍ 2012 വരെ ജനങ്ങളില്‍ നിന്ന് 12 ശതമാനം നിരക്കില്‍ കന്പനികള്‍ പിരിച്ച നികുതി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയില്ലെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഗൂഢലക്ഷ്യം വെച്ചാണ് വിജിലന്‍സിന്റെ നടപടിയെന്നും മന്ത്രിസഭ തീരുമാനപ്രകാരമാണ് നികുതിയിളവ് നല്‍കിയതെന്നുമാണ് മാണി ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം 4 ലേക്ക് മാറ്റിവെച്ചു.