നെല്‍കൃഷിയെ കൈവെടിഞ്ഞ് കേരളം
|60 വര്‍ഷം മുന്‍പ് എട്ട് ലക്ഷം ഹെക്ടറിലധികം വ്യാപിച്ചിരുന്ന നെല്‍കൃഷി ഇന്ന് നാലിലൊരുഭാഗം പോലും അവശേഷിക്കുന്നില്ല.
കേരളത്തില്‍ കാര്‍ഷിക, ഭക്ഷ്യ, ഉപഭോക്തൃ സംസ്കാരം വളര്‍ത്തുന്നതില്‍ നെല്‍കൃഷിക്ക് നിര്‍ണായക പങ്കുണ്ട്. 60 വര്‍ഷം മുന്‍പ് എട്ട് ലക്ഷം ഹെക്ടറിലധികം വ്യാപിച്ചിരുന്ന നെല്‍കൃഷി ഇന്ന് നാലിലൊരുഭാഗം പോലും അവശേഷിക്കുന്നില്ല. പുതിയ കൃഷി രീതികളിലൂടെയും പരീക്ഷണത്തിലൂടെയും ഉല്പാദനം വര്‍ധിപ്പിച്ചെങ്കിലും നെല്‍പാടങ്ങളുടെ വിസ്തൃതി മാത്രം കുറഞ്ഞുവന്നു.
60 വര്‍ഷം മുന്‍പ് 8,76,000 ഹെക്ടറിലായിരുന്നു കേരളത്തിലെ നെല്‍കൃഷി. 1973ല്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത നെല്‍കൃഷി വികസന പദ്ധതി നടപ്പാക്കിയതോടെയാണ് നെല്‍ ഉല്‍പാദനം കൂടുന്നത്. പാലക്കാട്, കുട്ടനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും നെല്‍പാടങ്ങള്‍ ഉണ്ടായിരുന്നത്. ക്രമേണ മറ്റിടങ്ങളിലേക്കും നെല്‍കൃഷി വ്യാപിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അനിയന്ത്രിതമായ ഭൂമി കയ്യേറ്റവും കാലാവസ്ഥാ മാറ്റവും വിലത്തകര്‍ച്ചയുമെല്ലാം നെല്‍കൃഷിയെ പാടത്ത് നിന്ന് അകറ്റി. യന്ത്രവല്‍കരണവും ശാസ്ത്രീയ രീതികളും ഉല്‍പാദനം വര്‍ധിപ്പിച്ചെങ്കിലും നെല്‍പാടത്തിന്റെ വിസ്തൃതി വര്‍ധിച്ചില്ല. ഒന്നര ലക്ഷം ഹെക്ടര്‍ നെല്‍കൃഷി മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. 39 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇല്ലാതായത് ഏഴ് ലക്ഷം ഹെക്ടര്‍ നെല്‍പാടമാണ്.
വരുമാനം കുറഞ്ഞതും ഉല്പാദനച്ചെലവിന് അനുസരിച്ച് സര്‍ക്കാര്‍ സംഭരണ വില പ്രഖ്യാപിക്കാത്തതും കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ മറ്റൊരു കാരണമായി. കാര്‍ഷിക കേരളത്തില്‍ നഷ്ടം സഹിക്കാനാവാതെ ഇതുവരെ മൂവായിരത്തോളം നെല്‍ കര്‍ഷകരാണ് ആത്മഹത്യചെയ്തത്. നെല്‍പാടങ്ങള്‍ ഇല്ലാതായത് കാലാവസ്ഥാ വ്യതിയാനത്തിനും ജലദൌര്‍ലഭ്യത്തിനും വഴിവെച്ചു. ഭൂവിനിയോഗ ബില്ലും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവുമൊക്കെ നാള്‍ക്കുനാള്‍ നോക്കുകുത്തിയാവുമ്പോള്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നെല്‍കൃഷി നാമാവശേഷമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.