Kerala
മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് പ്രാദേശിക നേതാക്കള്‍മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് പ്രാദേശിക നേതാക്കള്‍
Kerala

മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് പ്രാദേശിക നേതാക്കള്‍

admin
|
26 March 2017 8:29 PM GMT

പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പുകളാണ് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരുന്നത്.

നടന്‍ മുകേഷിന്റെ സ്ഥാനാര്‍ഥിത്വം ജില്ലാ കമ്മിറ്റിയില്‍ അംഗീകാരം നേടാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചെങ്കിലും പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പുകളാണ് ഉയരുന്നത്. മുകേഷിന്റെ സ്ഥാനാര്‍ഥിത്വം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ ബോഡിയില്‍ 33ല്‍ 25 അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി. കൊല്ലം നിയമസഭാ മണ്ഡലം യുഡിഎഫിന് തീറെഴുതരുതെന്നും പ്രാദേശിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

നടന്‍ മുകേഷിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ജില്ലാ കമ്മറ്റിയെ സമ്മര്‍ദ്ദത്തിലൂടെ നിലക്ക് നിര്‍ത്തുവാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് സാധിച്ചെങ്കിലും പ്രാദേശിക നേതാക്കളെ വായടിപ്പിക്കാന്‍ നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

സംസ്ഥാന സെക്രട്ടറിയേറ്റ് എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ ബോഡിയില്‍ മുകേഷിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കൊല്ലം, അഞ്ചാലംമൂട് എന്നീ 2 മണ്ഡലം കമ്മിറ്റികളെ ഉള്‍പ്പെടുത്തി ചേര്‍ന്ന പാര്‍ട്ടി ജനറല്‍ ബോഡിയില്‍ 33ല്‍ 32 അംഗങ്ങളും മുകേഷിനെതിരെ രംഗത്തെത്തി. യുഡിഎഫിന് മണ്ഡലം തീറെഴുതി നല്‍കരുതെന്ന് പറഞ്ഞ പ്രാദേശിക നേതാക്കള്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പതിനാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്ത് നേടിയെന്നതും നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.
ഗുരുദാസനെ ബലികഴിക്കാന്‍ മുകേഷിനെ അടിച്ചേല്‍പിക്കരുതെന്നും പ്രദേശിക നേതാക്കള്‍ വിമര്‍ശിച്ചു. മുകേഷിന്റെ ധാര്‍മ്മികത തുടക്കം മുതല്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടതാണെന്നും പ്രാദേശിക നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി മിനുട്സില്‍ രേഖപ്പെടുത്തപ്പെട്ട വിമര്‍ശനങ്ങള്‍ സംസ്ഥാന സെക്രട്ടറേറ്റില്‍ ചര്‍ച്ചചെയ്യുമെന്ന എന്‍ കെ ഗോവിന്ദന്റെ ഉറപ്പോടെയാണ് ജനറല്‍ ബോഡി അവസാനിച്ചത്.

അഞ്ചാലംമൂടില്‍ നിന്നുള്ള ഏരിയകമ്മറ്റി അംഗമായ ജോണ്‍ ഫിലിപ്പ് മാത്രമാണ് മുകേഷിന്റെ സ്ഥാനര്‍‌ഥിത്വത്തെ പിന്തുണച്ചത്. പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഏവരും തയ്യാറാകണമെന്ന് ജനറല്‍ ബോഡിയില്‍ പങ്കെടുത്ത പി കെ ഗുരുദാസന്‍ ആവശ്യപ്പെട്ടെങ്കിലും കമ്മിറ്റിയില്‍ ഉടനീളം ദുഃഖിതനായാണ് കാണപ്പെട്ടത്. നേതാക്കളുമായി ആശയവിനിമയം നടത്താന്‍ തയ്യാറാകാതിരുന്ന ഗുരുദാസന്‍ ജനറല്‍ ബോഡി പൂര്‍‌ണ്ണമായതിന് തൊട്ട് പിന്നാലെ മടങ്ങുകയും ചെയ്തു.

Similar Posts