ആലപ്പുഴയില്‍ കടല്‍ക്ഷോഭം: ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി
|ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മഴയും ശക്തമായതോടെ തീരവാസികള്‍ കടുത്ത ദുരിതത്തിലാണ്. ജില്ലയുടെ വിവിധ ഭാഗത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് ഭാഗങ്ങളിലാണ് കടല്‍ ശക്തമായി കലിതുള്ളിയത്. ഇതോടെ തീരത്തോട് ചേര്‍ന്ന് നിന്ന നിരവധി വീടുകള്‍ കടലെടുത്തു. പുറക്കാട് ഭാഗത്ത് മാത്രമായി 15ലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വൃക്ഷങ്ങള്‍ കടപുഴകി. ഇതോടെ തീരവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.
കഴിഞ്ഞ രാത്രിയില്‍ തുടങ്ങിയ കടല്‍ക്ഷോഭം ഇപ്പോഴും തുടരുകയാണ്. പള്ളിത്തോട്, വാടക്കല്‍, കരൂര്‍ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കടല്‍ കയറ്റം ശക്തമായിടങ്ങളില്‍ ക്യാമ്പ് തുടങ്ങാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആറാട്ടുപുഴ , തൃക്കുന്നപ്പുഴ ഭാഗങ്ങളിലെ തീരവാസികള്‍ക്ക് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.