അപരന്മാരും വിമതന്മാരുമില്ലാതെ പത്തനംതിട്ട
|ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഒരു മുന്നണിക്കുമെതിരായി വിമതരോ അപര സ്ഥാനാര്‍ഥികളോ മത്സര രംഗത്തില്ല.
നാമനിര്‍ദ്ദേശക പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ അപരന്മാരും വിമതന്മാരുമില്ലാത്ത ജില്ലയെന്ന പ്രത്യേകതയാണ് പത്തനംതിട്ടയ്ക്ക് കൈവന്നിരിക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഒരുമുന്നണിക്കുമെതിരായി വിമതരോ അപര സ്ഥാനാര്‍ഥികളോ മത്സര രംഗത്തില്ല. പ്രധാന സ്ഥാനാര്‍ഥികള്‍ക്കെതിരെ സംസ്ഥാനത്ത് പലയിടങ്ങളിലും അപര സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് തുടരുമ്പോഴും പത്തനംതിട്ടയില്‍ മാതൃകാ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം പത്തനംതിട്ടയില്‍ തികഞ്ഞ ആശ്വാസത്തിലാണ് അപരന്മാര്‍ തലവേദനയാകില്ലയെന്നത് തന്നെയാണ് കാരണം. അപരന്മാര്‍ പിടിച്ച വോട്ട് പല പ്രമുഖ സ്ഥാനാര്‍ഥികളെയും കടപുഴക്കിയ ചരിത്രമുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പത്തനംതിട്ട ഇക്കുറി മാതൃകയാകും. അപരന്മാരെ രംഗത്തിറക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്ന ആദര്‍ശമൊക്കെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രകടിപ്പിക്കാറുണ്ടെങ്കിലും സാധാരണ നിലയില്‍ അതൊന്നും യാഥാര്‍ഥ്യമാവാറില്ല.
ഏതായാലും അപരന്മാരെ ഭയന്ന് സ്വന്തം പേരും ചിഹ്നവുമൊന്നും വോട്ടര്‍മാരെ പലതവണ പറഞ്ഞ് പഠിപ്പിക്കേണ്ട ഗതികേട് പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്ക് ഇക്കുറിയുണ്ടാവില്ല. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലുമായി 37 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ ആറ് പേര്‍ വനിതകളാണ്. ആറന്മുളയിലാണ് ജില്ലയില്‍ ഏറ്റവുമധികം പേര്‍ മത്സര രംഗത്തുള്ളത്. ആറന്മുളയില്‍ 9 സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ റാന്നിയിലും അടൂരിലും ഏഴ് വീതവും തിരുവല്ലയില്‍ ആറ് സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും പുറമേ വെല്‍ഫെയര്‍ പാര്‍ട്ടിയും, എസ്ഡിപിഐയും പിഡിപിയും ബിഎസ്പിയും, സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്.