മെഡിക്കല്‍ പ്രവേശന തര്‍ക്കം: ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ല
|മുപ്പത് ശതമാനം മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധന വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തില്‍
സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. കുറഞ്ഞ ഫീസുണ്ടായിരുന്ന മുപ്പത് ശതമാനം മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധന വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തില്‍ സര്‍ക്കാറും മാനേജ്മെന്റുകളും ഉടക്കിയതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നത്.
രണ്ട് ഘട്ടമായാണ് മാനേജ്മെന്റുകളും സര്‍ക്കാറും തമ്മില്‍ ഇന്ന് ചര്‍ച്ച നടന്നത്. പ്രവേശാവകാശം, ഏകീകൃത ഫീസ് എന്നീ വിഷയങ്ങളിലായിരുന്നു തര്‍ക്കം. പ്രവേശാവകാശത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായ മാനേജ്മെന്റുകള്‍ ഏകീകൃത ഫീസെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. സര്‍ക്കാറും നിലപാട് കര്‍ക്കശമാക്കിയതോടെ ആദ്യഘട്ട ചര്‍ച്ച പാളി. പിന്നീട് പ്രത്യേകം യോഗം ചേര്‍ന്ന മാനേജ്മെന്റുകള്‍ കുറഞ്ഞ ഫീസ് ഈടാക്കുന്ന മുപ്പത് ശതമാനം മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ടു.
ഇതുള്‍പ്പെടെ നാല് തരം ഫീസ് എന്ന ആവശ്യമാണ് മാനേജ്മെന്റുകള്‍ ഉന്നയിച്ചത്. എന്നാല്‍ മുപ്പത് ശതമാനം സീറ്റിലും ഫീസ് വര്‍ധന അംഗീകരിക്കാനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
മെഡിക്കല്‍ പ്രവേശത്തില്‍ തീരുമാനമായാല്‍ സമാനമായ രീതിയില്‍ ദന്തല്‍ മാനേജ്മെന്റുകളുമായും ധാരണയുണ്ടാക്കും.