Kerala
Kerala

കലാഭവന്‍മണിക്കും കുഞ്ഞുണ്ണിമാഷിനും സ്മാരകമടക്കം തൃശ്ശൂരിന് ബജറ്റില്‍ കൈനിറയെ പദ്ധതികള്‍

Khasida
|
18 April 2017 8:45 PM GMT

തൃശ്ശൂര്‍ നഗരത്തില്‍ രണ്ട് ഫ്ലൈ ഓവറുകള്‍ക്കും, ഗുരുവായൂരും പുതുക്കാടും റെയില്‍വേ മേല്‍പ്പാലത്തിനും പണം അനുവദിച്ചു.

ഇടത് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തൃശ്ശൂരിന് കൈനിറയെ പദ്ധതികള്‍. അടിസ്ഥാന സൌകര്യവികസനത്തിനോടപ്പം കാര്‍ഷിക സാംസ്‌കാരിക രംഗത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് തൃശ്ശൂര്‍ ജില്ലയ്ക്കായി ബജറ്റിലുള്ളത്. തൃശ്ശൂര്‍ നഗരത്തില്‍ രണ്ട് ഫ്ലൈ ഓവറുകള്‍ക്കും, ഗുരുവായൂരും പുതുക്കാടും റെയില്‍വേ മേല്‍പ്പാലത്തിനും പണം അനുവദിച്ചു. മൂന്ന്കാര്‍ഷിക പാര്‍ക്കുകളും, കലാഭവന്‍ മണിക്കും, കുഞ്ഞുണ്ണി മാഷിനും സ്മാരകവും, ചെറുതുരുത്തിയെ പൈതൃക ഗ്രാമമാക്കാനുള്ള പദ്ധതിയും ബജറ്റിലുണ്ട്.

മൂന്ന് മന്ത്രിമാരടക്കം 12 ഇടത് എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന തൃശ്ശൂര്‍ ജില്ലക്കായി മുപ്പതിലേറെ പദ്ധതികളാണ് തോമസ് ഐസക്ക് ബജറ്റിലൂടെ പ്രഖ്യാപിച്ചത്. തൃശ്ശൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി കിഴക്കെകോട്ട, കൊക്കാല ഫ്ലൈ ഓവറുകള്‍ക്ക് 75 കോടി രൂപ അനുവദിച്ചു. ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന് 25 കോടിയും, പുതുക്കാട് മേല്‍പ്പാലത്തിന് 40 കോടിയും, ചേലക്കര, കേച്ചേരി ബൈപാസുകള്‍ക്ക് 30 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

നാളികേരം,തേന്‍,ചക്ക എന്നീ അഗ്രോപാര്‍ക്കുകളും കൃഷിമന്ത്രിയുടെ സ്വന്തം ജില്ലയായ തൃശ്ശൂരില്‍ തുടങ്ങും. നെല്ലിന്റെയും,നാളികേരത്തിന്റെയും സംഭരണ വില കൂട്ടിയതും ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകും. സാഹിത്യ അക്കാദമിയില്‍ മലയാളം ഡിജിറ്റലൈസേഷന്‍ റിസോഴ്‌സ് സെന്റര്‍, ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകത്തിന് 50 ലക്ഷം, നാട്ടികയില്‍ കുഞ്ഞുണ്ണി മാഷ്‌ സ്മാരകത്തിന് 25 ലക്ഷം, കലാമണ്ഡലം ഉള്‍പ്പെടുന്ന ചെറുതുരുത്തിക്ക് പൈതൃക ഗ്രാമ പദവി എന്നിങ്ങനെയാണ് സാംസ്‌കാരിക രംഗത്തെ പദ്ധതികള്‍. കേരളവര്‍മ്മ കോളേജിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് ഡിജിറ്റല്‍ പദവി നല്‍കുന്നത് വിദ്യാഭ്യാസരംഗത്തിന് മുതല്‍ കൂട്ടാകും. കൊടുങ്ങല്ലൂര്‍ മുസ്‍രിസ് പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം തൃശ്ശൂര്‍, ഗുരുവായൂര്‍, പാലയൂര്‍ ടൂറിസം പാതയും ടൂറിസം മന്ത്രിയുടെ ജില്ലയ്ക്കുള്ള നേട്ടമായി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 150 കോടി അനുവദിച്ചതോടെ നഗര മധ്യത്തില്‍ നിന്നും മൃഗശാല മാറ്റുന്നതിനുള്ള നടപടികള്ക്ക് വേഗമേറും.

Similar Posts