പത്തനംതിട്ട ജില്ലയിലെ ബിജെപി നേതൃത്വത്തില്‍ പൊട്ടിത്തെറി; ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്
|മുന്‍ജില്ലാ ബിജെപി പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു
പത്തനംതിട്ട ജില്ലയിലെ ബിജെപി നേതൃത്വത്തില്‍ പൊട്ടിത്തെറി. മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ ജി ഉണ്ണിക്കൃഷ്ണന് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. സിപിഎമ്മില്‍ ചേരുന്നത് സംബന്ധിച്ച് ഉണ്ണിക്കൃഷ്ണന് ജില്ലാ നേൃതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടത്തി.
പത്തനംതിട്ട ജില്ലയിലെ ബിജെപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉടലെടുത്ത അസ്വാരസ്യങ്ങളാണ് ഒടുവില്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുള്ള ഉണ്ണികൃഷ്ണന് നിലവില്‍ മുദ്രാ ബാങ്ക് സംസ്ഥാന കോര്‍ഡിനേറ്ററുമാണ്. ആര്‍എസ്എസ്, നേതൃപദവികള്‍ കയ്യടക്കിയതോടെ ഉണ്ണിക്കൃഷ്ണനെ പദവികളില്‍ നിന്ന് നീക്കിയിരുന്നു. ഇതോടെയാണ് വിമതനീക്കം ശക്തിപ്പെട്ടത്. പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്തവര്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി നേതൃപദവിയിലേക്ക് എത്തുകയും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവര്‍ പുറത്താവുകയും ചെയ്തുവെന്നാരോപിച്ചാണ് ഉണ്ണികൃഷ്ണന് ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ദേശീയ നേതൃത്വത്തിന് ഇത് സംബന്ധിച്ച പാരാതികള്‍ നല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയില് കണക്കു കൂട്ടിയ പ്രകടനം ബിജെപിക്ക് പുറത്തെടുക്കാനായിരുന്നില്ല. തിരഞ്ഞെടുപ്പ് ചുമതലകള്‍ പൂര്‍ണമായും ഏറ്റെടുത്ത് നടത്തിയത് ആര്‍എസ്എസ് ആയിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിലെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചും ആരോപണവുമായി ഒരു വിഭാഗം രംഗത്തുണ്ട്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ വിശ്വസ്ഥന് കൂടിയാണ് എ ജി ഉണ്ണിക്കൃഷ്ണന്. ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കീഴ്കമ്മിറ്റികളുടെ പുനഃസംഘടന കൂടുതല്‍ അസംതൃപ്തിക്ക് വഴിതെളിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.