സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി; ആനുകൂല്യം ലഭിക്കുന്നതിന് കാലതാമസം
|ഡയാലിസിസിനും കീമോതെറാപ്പിക്കുമടക്കം ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് രോഗികള്‍ക്ക് ദുരിതമാവുകയാണ്
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ വലയുന്നു. ഡയാലിസിസിനും കീമോതെറാപ്പിക്കുമടക്കം ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് രോഗികള്‍ക്ക് ദുരിതമാവുകയാണ്. രോഗികളുടെ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി തയ്യാറാക്കുന്നതിലുണ്ടാകുന്ന കാല താമസമാണ് ഇതിനു കാരണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.
ഗുരുതര രോഗങ്ങള്‍ ബാധിച്ചവരുടെ കാത്തിരിപ്പാണ് ഇത്. കീമോ തെറാപ്പിക്കും ഡയാലിസിസിനുമെല്ലാമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം മെഡിക്കല്‍ കോളേജില്‍ അപേക്ഷ നല്‍കണം. പുലര്‍ച്ചെ എത്തി ടോക്കണ്‍ എടുത്താലും അപേക്ഷ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.ഇതു മൂലം യഥാ സമയം ചികിത്സ നേടാന്‍ സാധിക്കുന്നില്ലെന്നാണ് ആരോപണം.
രോഗികളുടെ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖാന്തിരമാണ് അപ് ലോഡ് ചെയ്യേണ്ടത്.എന്നാല്‍ രണ്ട് പോര്‍ട്ടല് മാത്രമാണ് പദ്ധതി നടത്തിപ്പുകാരായ റിലയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനുവദിച്ചിരിക്കുന്നത്. ഇത് മൂലം അപേക്ഷകള്‍ അപ് ലോഡ് ചെയ്യുന്നതിന് കാലതാമസം നേരിടുന്നതായാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. പ്രശ്നം പരിഹരിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.