ടോംജോസിന്‍റെയും ഭാര്യയുടേയും അക്കൌണ്ടുകള്‍ മരവിപ്പിക്കും
|ക്രിമിനല്‍ പശ്ചാത്തലമുളളവരുടെ പരാതിയില്‍ തന്നെ അപമാനിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നതെന്ന് ടോം ജോസ് പ്രതികരിച്ചു
അനധികൃത സ്വത്ത് സന്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ വസതികളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. പ്രാഥമികാന്വേഷണത്തിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ടോംജോസിന്‍റെയും ഭാര്യയുടേയും അക്കൌണ്ടുകള്‍ മരവിപ്പിക്കും. ഇത് സംബന്ധിച്ച് ബാങ്ക് മേധാവികള്‍ക്ക് വിജിലന്സ് കത്ത് നല്കി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നതായാണ് റെയ്ഡിനെക്കുറിച്ച് ടോം ജോസിന്റെ പ്രതികരണം.
2010 ജനുവരി മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഒരു കോടി 19 ലക്ഷത്തിലധികം രൂപയുടെ സ്വത്ത് ടോം ജോസ് അനധികൃതമായി സന്പാദിച്ചെന്നാണ് വിജിലന്‍സ് എഫ് ഐ ആര്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതും കൊച്ചിയിയില്‍ പുതിയ ഫ്ലാറ്റ് വാങ്ങിയതും അന്വേഷണ പരിധിയില്‍ വരും. വെള്ളയന്പലത്തെ ഫ്ലാറ്റില്‍ ടോംജോസിന്റെ സാന്നിധ്യത്തില്‍ നടന്ന റെയിഡ് ഏഴ് മണിക്കൂര്‍ നീണ്ടു. സെക്രട്ടേറിയേറ്റിലെ ടോം ജോസിന്റെ ഓഫീസിലും റെയ്ഡ് നടത്തി.
കൊച്ചിയിലെ ഫ്ലാറ്റ് അടഞ്ഞുകിടന്നതിനാല്‍ താക്കോല്‍ ഇരിങ്ങാലക്കുടയില്‍ നിന്നെത്തിച്ച് പതിനൊന്നരയോടെയാണ് റെയിഡ് തുടങ്ങിയത്. ക്രിമിനല്‍ പശ്ചാത്തലമുളളവരുടെ പരാതിയില്‍ തന്നെ അപമാനിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നതെന്ന് ടോം ജോസ് പ്രതികരിച്ചു