അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
|163 മെഗാവാട്ട് വൈദ്യുതി ശേഷിയുള്ള പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം എം മണി രേഖാമൂലം അറിയിച്ചു
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. 163 മെഗാവാട്ട് വൈദ്യുതി ശേഷിയുള്ള പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം എം മണി രേഖാമൂലം അറിയിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ രംഗത്ത് വന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു.
എന്‍ ഷംസുദ്ദീന് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് നടന്ന് വരുകയാണെന്നും വ്യക്തമാക്കി. അതിരപ്പിള്ളിക്കൊപ്പം മറ്റ് 14 ജലവൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതില്‍ ഏറ്റവും വലുത് 163 മെഗാവാട്ട് ശേഷിയുള്ള അതിരിപ്പിള്ളി പദ്ധതിയാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സിപിഐ മുന്‍ നിലപാട് കടുപ്പിച്ചു.
പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സമരത്തിന് ഇറങ്ങാനാണ് കോണ്‍ഗ്രസിന്റെ ആലോചന. ജനങ്ങളുമായും പരിസ്ഥിതി സംഘടനകളുമായും സംസാരിച്ച് സമവായം ഉണ്ടാവുകയാണങ്കില്‍ മാത്രം പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ നിലപാട്.