സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 20ന്
|കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. യുഎഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയാണ് കേരളത്തിന്‍െറ സ്വപ്ന പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ എത്തുക.
കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. യുഎഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയാണ് കേരളത്തിന്‍െറ സ്വപ്ന പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ എത്തുക.
ഉദ്ഘാടന ചടങ്ങിലേക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം എത്തില്ല. പകരം മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി ഉദ്ഘാടനം ചെയ്യും. ഗര്ഗാവിക്കു പുറമെ യുഎഇയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖരും ടീകോം ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. ഞായറാഴ്ച ദുബൈയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് ഉദ്ഘാടനം ഫെബ്രുവരിയില്‍ തന്നെ നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
ആറര ലക്ഷം ചതുരശ്ര അടി മൊത്തം വിസ്തൃതിയുള്ള എസ്.സി.കെ-01- എന്ന ആദ്യ ഐ.ടി.ടവറിന്‍െറ ഉദ്ഘാടനമാണ് ഫെബ്രുവരി 20ന് നടക്കുക. ഇന്ത്യയിലും വിദേശത്തുമുള്ള 25 കമ്പനികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ഷിഫ്റ്റില്‍ 5500 പേര്‍ക്ക് ജോലി ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ആദ്യഘട്ടത്തിന്‍െറ ഉദ്ഘാടനത്തോടൊപ്പം രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ കെട്ടിടങ്ങള്‍ക്ക് 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. ഇത് കൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
സ്മാര്‍ട്ട് സിറ്റിയിലേക്ക് 3.7 കി.മീറ്ററില്‍ നാലുവരി റോഡും മറ്റു അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം മുതലുള്ള നിലവിലെ പാത നവീകരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം കൂട്ടി സ്മാര്‍ട്ട്സിറ്റിക്ക് മുമ്പില്‍ സ്റ്റേഷന് പണിയുകയും ചെയ്യും. തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങാനിരിക്കെ, സ്മാര്‍ട്ട് സിറ്റി ആദ്യഘട്ട ഉദ്ഘാടനം വിപുലമായ തോതില്‍ നടത്തി രാഷ്ട്രീയ നേട്ടം ഉറപ്പിക്കാനാവും യു.ഡി.എഫ് സര്‍ക്കാര്‍ നീക്കം.