വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ജയന്തനെ ഇന്ന് ചോദ്യം ചെയ്യും
|ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ജില്ല സെക്രട്ടറി കെ രാധാകൃഷ്ണന്‍ ഇന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും.
വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരുടെ മൊഴിയുടെ നിയമസാധുത അന്വേഷണ സംഘം പരിശോധിക്കും. ജയന്തന്‍ അടക്കമുള്ള ആരോപണവിധേയരെ ഇന്ന് ചോദ്യം ചെയ്തേക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ജില്ല സെക്രട്ടറി കെ രാധാകൃഷ്ണന്‍ ഇന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും.
ഇന്നലെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിക്കാരി ഉറച്ച് നിന്നിരുന്നു. ആദ്യ പരാതി നല്‍കിയ അതേ കാരണങ്ങളാണ് മൊഴി നല്‍കുമ്പോഴും പറഞ്ഞതെന്നാണ് സൂചന. മൊഴി പരിശോധിച്ച ശേഷമാകും തുടര്‍നടപടികളുമായി മുന്നോട്ട് പോകുക. ആദ്യ പരാതിക്കും നിലവിലെ മൊഴിക്കും വിരുദ്ധമായ രഹസ്യമൊഴി മറികടക്കുന്നതിനുള്ള നിയമോപദേശവും അന്വേഷണസംഘം തേടുന്നുണ്ട്. ഇക്കാര്യങ്ങളുടെ റിപ്പോര്‍ട്ട് അന്വേഷണത്തിന്റെ പൂര്‍ണ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യക്ക് ഇന്ന് നല്‍കിയേക്കും. ഇതിന് ശേഷമാകും ജയന്തനടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതുള്‍പ്പെടയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ഇന്ന് കേന്ദ്ര വനിതാ കമ്മീഷന് വിശദീകരണം നല്‍കും. ഇക്കാര്യത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകിട്ട് മാത്രമേ സ്പെഷ്യല്‍ ബ്രാഞ്ച് എസിപി സമര്‍പ്പിക്കൂ. കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഇന്ന് തൃശൂര്‍ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.