Kerala
ജിസിഡിഎയുടെ ഭൂമി വില്‍ക്കാനുള്ള നീക്കത്തിന് സ്റ്റേജിസിഡിഎയുടെ ഭൂമി വില്‍ക്കാനുള്ള നീക്കത്തിന് സ്റ്റേ
Kerala

ജിസിഡിഎയുടെ ഭൂമി വില്‍ക്കാനുള്ള നീക്കത്തിന് സ്റ്റേ

admin
|
8 May 2017 1:59 AM GMT

ടെണ്ടറില്ലാതെ ഉദ്യോഗസ്ഥരുടെ സഹകരണസംഘത്തിന് ഫ്ലാറ്റുപണിയാന്‍ ഭൂമി വില്‍ക്കാനുള്ള നീക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന്...

ജിസിഡിഎയുടെ ഭൂമി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സഹകരണസംഘത്തിന് വില്‍ക്കാനുള്ള നീക്കം ഹൈക്കോടതി 3 മാസത്തേക്ക് സ്റ്റേചെയ്തു. ഭൂമിക്കായി സാധാരണക്കാരന്‍ കഷ്ടപ്പെടുന്പോള്‍ ടെണ്ടറില്ലാതെ ഉദ്യോഗസ്ഥരുടെ സഹകരണസംഘത്തിന് ഫ്ലാറ്റുപണിയാന്‍ ഭൂമി വില്‍ക്കാനുള്ള നീക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 10 നായിരുന്നു ഫ്ലാറ്റ് നിര്‍മിക്കാന്‍ സ്ഥലമാവശ്യപ്പെട്ട് സിവില്‍ സര്‍വ്വീസ് ഓഫിസേഴ്സ് ഹൌസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി മറിച്ചുവില്‍ക്കാന്‍ ജിസിഡിഎ തീരുമാനിച്ചത്. എളങ്കുളം നോര്‍ത്ത് ഡിറ്റിപി സ്ക്കീമിള്‍ ഉള്‍പ്പെട്ട ഭൂമി ഗോഡൌണുകള്‍, വെയര്‍ഹൌസുകള്‍, ലൈറ്റ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്ക്മാത്രമേ ഉപയോഗിക്കാവൂവെന്ന വ്യവസ്ഥ ചൂണ്ടികാട്ടി ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് മറികടന്ന് കടവന്ത്രയിലെ 50 സെന്‍റ് സ്ഥലം തുച്ചമായ വിലയ്ക്ക് വില്‍ക്കാന്‍ ജിസിഡിഎ തീരുമാനിച്ചു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിന്‍മേലാണ് വില്‍ക്കാനുള്ള നീക്കം ഹൈക്കോടതി 3 മാസത്തേക്ക് സ്റ്റേചെയ്തത്. കടവന്ത്രയിലെ കണ്ണായ സ്ഥലം ടെണ്ടറില്ലാതെ വില്‍ക്കാനുള്ള ജിസിഡിഎയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമായ ഹൈക്കോടതി ഭൂമി വില്‍ക്കാനുള്ള ജിസിഡിഎയുടെ നീക്കം അത്ഭുതം ജനിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി. സാധാരണക്കാരന് വീടുവെക്കാന്‍ സ്ഥലം കിട്ടാത്തകാലത്താണ് ഉന്നത ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥരുടെ സഹകരണസംഘത്തിന് സ്ഥലം കൊടുക്കാനുള്ള തീരുമാനമെന്നതും ഹൈക്കോടതി ചൂണ്ടികാട്ടി.

സെന്‍റിന് 25 ലക്ഷം രൂപവരെ മാര്‍ക്കറ്റ് വിലയുള്ള പ്രദേശത്ത് വെറും 7 ലക്ഷത്തി 35 ആയിരം രൂപയ്ക്കാണ് ജിസിഡിഎ ഭൂമി വില്‍ക്കുന്നത്. ഇടപാടുകള്‍ സംബന്ധിച്ച എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാനും ജസ്റ്റിസ് വി ചിദംബരേഷ് ഉത്തരവിട്ടു. ഭൂമി സ്ക്കീം മാറ്റി വില്‍ക്കാനുള്ള ജിസിഡിഎയുടെ നീക്കം നേരത്തെ മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Tags :
Similar Posts