മഹാബലിക്ക് പകരം വാമന സങ്കല്‍പം: ആര്‍എസ്എസ് നിലപാടിനെതിരെ പ്രതിഷേധം
|വാമനന്‍റെ കവര്‍ചിത്രവുമായി ഇറങ്ങിയ കേസരിയില്‍ വാമനനെ പ്രകീര്‍ത്തിക്കുന്ന ലേഖനവും ഉണ്ട്
മഹാബലിക്ക് പകരം വാമനസങ്കല്‍പ്പത്തെ മഹത്വവല്‍ക്കരിച്ച് ആര്‍എസ്എസ് വാരികയായ കേസരിയുടെ ഓണപ്പതിപ്പ്. വാമനന്‍റെ കവര്‍ചിത്രവുമായി ഇറങ്ങിയ കേസരിയില്‍ വാമനനെ പ്രകീര്‍ത്തിക്കുന്ന ലേഖനവും ഉണ്ട്. ആര്‍എസ്എസിന്റെ ഉത്തരേന്ത്യന്‍ സവര്‍ണമനസ്സിനെ തുറന്നുകാട്ടുന്നതാണ് കേസരി ഓണപ്പതിപ്പ് എന്ന് ദലിത് സംഘടനകളും ചരിത്രകാരന്മാരും ആക്ഷേപിക്കുന്നു.
അസുരചക്രവര്‍ത്തിയായ മഹാബലിയെയും അദ്ദേഹത്തിന്‍റെ സമത്വസുന്ദര രാജ്യത്തെക്കുറിച്ചുമുള്ള സങ്കല്‍പ്പമാണ് മലയാളിയുടെ ഓണാഘോഷം. മഹാബലി കീഴാള പ്രതീകവും വാമനന്‍ വരേണ്യ പ്രതീകവും കൂടിയാണ്. കുട ചൂടി പൂണൂലും കൌപീനവും ധരിച്ചു നില്‍ക്കുന്ന വാമനനാണ് കേസരിയുടെ കവര്‍ചിത്രം. തിരുവോണം എന്ന വാമനജയന്തി ആഘോഷം എന്ന പേരില്‍ ലേഖനവും ഉണ്ട്. മഹാബലിക്ക് പകരം വാമനനെയാണ് അനുസ്മരിക്കേണ്ടത്എന്നാണ് കേസരി ലേഖനത്തിന്‍റെ സംഗ്രഹം. മഹാബലിയെന്ന അസുര ചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ചു എന്നത് കള്ളക്കഥയാണെന്ന് ലേഖനം പറയുന്നു. മഹാബലി ഐശ്വര്യത്തില്‍ അഹങ്കരിച്ചിരുന്ന രാജാവായിരുന്നെന്നും ആ അഹങ്കാരം മാറ്റി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നും സ്ഥാപിക്കാനാണ് ശ്രമം. തിരുവോണം വാമനാവതാര ദിനമാണെന്നും ലേഖനം പറയുന്നു. മഹാബലിയുടെ പാതാളക്കഥ പോലുള്ള കെട്ടുകഥകളെ തൂത്തെറിയണമെന്നും ലേഖനത്തില്‍ ആഹ്വാനമുണ്ട്.
മഹാബലിക്കു പകരം വാമനനെന്ന സങ്കല്‍പ്പത്തെ ഉയര്‍ത്തിക്കാട്ടുന്നത് ഉത്തരേന്ത്യന്‍ സവര്‍ണമനസ്സിന്‍റെ തുറന്നു കാട്ടുന്നു എന്ന് ആക്ഷേപം സജീവമാണ്. കേസരി മുഖചിത്രത്തിനെതിരെയും ലേഖനത്തിനെതിരെയും സാമൂഹമാധ്യമത്തിലും പ്രതിഷേധം ഉയരുന്നുണ്ട്.