ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി
|ഉത്തരവ് തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് മന്ത്രി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ തീരുമാനം പുനഃപരിശോധിക്കും
ഹെല്‍മെറ്റില്ലാതെ പെട്രോളില്ലെന്ന നിര്‍ദേശം നടപ്പാക്കുക തന്നെ ചെയ്യുമെന്ന നിലപാടില്‍ ഗതാഗത വകുപ്പ്. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി എ കെ ശശീന്രന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തീരുമാനം പുനപരിശോധിക്കാം. തീരുമാനം നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാവുകയാമെങ്കില്‍ അത് ലഘൂകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷണറും പ്രതികരിച്ചു.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയാതെയാണ് ഹെല്‍മെറ്റില്ലാതെ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന നിര്‍ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ചത്. മന്ത്രി അറിയാതെ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ കമ്മീഷണറോട് മന്ത്രി വിശദീകരണം തേടിയിരുന്നു. കമ്മീഷറുടെ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ് നിര്‍ദേശം താത്ക്കാലികമായി പിന്‍വലിക്കാതിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിര്‍ദേശം നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീരുമാനം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കുമെന്നായിരുന്നു ഇതിനോടുള്ള ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ പ്രതികരണം. ഇതോടെ ഹെല്‍മെറ്റില്ലാതെ പെട്രോളില്ലെന്ന തീരുമാനം സര്‍ക്കാര്‍ നടപ്പാക്കും.