Kerala
നോട്ട് നിരോധം ദുരന്ത സമാന തീരുമാനം; സാമ്പത്തിക മാന്ദ്യമുണ്ടാകും: പട്നായിക്നോട്ട് നിരോധം ദുരന്ത സമാന തീരുമാനം; സാമ്പത്തിക മാന്ദ്യമുണ്ടാകും: പട്നായിക്
Kerala

നോട്ട് നിരോധം ദുരന്ത സമാന തീരുമാനം; സാമ്പത്തിക മാന്ദ്യമുണ്ടാകും: പട്നായിക്

Sithara
|
20 May 2017 8:45 PM GMT

രാജ്യത്തെ 85 % നോട്ടുകള്‍ക്കും ഇപ്പോള്‍ വിലയില്ല, ഈ നീക്കം കൊണ്ടുദ്ദേശിക്കുന്നത് എന്ത് എന്ന് മനസ്സിലാവുന്നില്ലെന്ന് പട്നായിക്

നോട്ട് നിരോധം രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കിയേക്കാമെന്ന് ഇടത് സാമ്പത്തിക ചിന്തകന്‍ ഡോ. പ്രഭാത് പട്നായിക്. എടിഎമ്മില്‍ നിന്ന് പണം കിട്ടാത്തതടക്കമുള്ള ബുദ്ധിമുട്ടുകള്‍ രണ്ടാഴ്ച തുടര്‍ന്നാല്‍ ഇത് സംഭവിക്കും. സാധാരണക്കാരന്‍റെ ക്രയശേഷി ഇല്ലാതാവുന്നു എന്നതാണ് തീരുമാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യാഘാതം എന്നും പ്രഭാത് പട്നായിക് മീഡിയവണ്ണിനോട് പറഞ്ഞു.

നോട്ട് നിരോധംകൊണ്ട് വലയുന്ന ജനങ്ങള്‍ക്ക് എടിഎമ്മുകളില്‍ നിന്ന് കൃത്യമായി പണം പിന്‍വലിക്കാനാകണമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് ആഴ്ചവരെ സമയമെടുക്കുമെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റി‍ലി വാര്‍ത്ത സമ്മേളനത്തില്‍ തുറന്ന് സമ്മതിച്ചിരുന്നു. അതേ അവസരത്തിലാണ് ഈ അവസ്ഥയുടെ ദൂര വ്യാപക പ്രത്യാഘാതം ഡോ പ്രഭാത് പട്നായിക് പങ്കുവക്കുന്നത്. ദുരന്ത സമാനമായ തീരുമാനമാണിത്. രാജ്യത്തെ 85 % നോട്ടുകള്‍ക്കും ഇപ്പോള്‍ വിലയില്ല, ഈ നീക്കം കൊണ്ടുദ്ദേശിക്കുന്നത് എന്ത് എന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കയ്യില്‍ രണ്ടാഴ്ച പണം ലഭിക്കാതിരുന്നാല്‍ അത് വിപണിയെ ബാധിക്കും. ഉല്‍പാദക കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വരും. സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും പട്നായിക് പറഞ്ഞു. കള്ളപ്പണത്തെ കണ്ടുകെട്ടാന്‍ ഈ തീരുമാനം കൊണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പട്നായിക് അതിനായി ആദായ നികുതി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുകയാണ് വേണ്ടിയിരുന്നത് എന്നും വ്യക്തമാക്കി.

Similar Posts