ജിഷയുടെ പോസ്റ്റ് മോര്‍ട്ടം നടപടി: അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു
|കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ് മോര്‍ട്ടം നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ് മോര്‍ട്ടം നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ മുഴുവന്‍ സമയ സാന്നിധ്യം ഉണ്ടായില്ലെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.
പീഡനത്തിന് പുറമേ ആയുധങ്ങള്‍ കൊണ്ട് ജിഷയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച പാടുകളുണ്ട്. ഇത്തരത്തില്‍ ചെറുതും വലുതുമായ 38 മുറിവുകള്‍ കണ്ടെത്തി. ഇതില്‍ പല മുറിവുകളും മാരകമാണ്. ശ്വാസം മുട്ടിച്ചതും കഴുത്ത് ഞെരിച്ചതുമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധം കൊണ്ടാണ് പ്രതി അക്രമം നടത്തിയത്. ജിഷയുടെ ശരീരത്തിന്റെ പുറത്ത് കടിയേറ്റ നിരവധി പാടുകളുണ്ട്. ഉച്ച കഴിഞ്ഞ് മൂന്നിനും അഞ്ചിനും ഇടക്കാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
അതിനിടെ ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ മുഴുവന്‍ സമയ സാന്നിധ്യം ഉണ്ടായില്ലെന്നും പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ആരോഗ്യവിദ്യാഭ്യാസ ഉപഡയറക്ടര്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായി കുറുപ്പുമ്പടി സിഐയുടെ നേതൃത്വത്തിലുള്ള സംഘവും ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തി ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി.