ഹജ്ജ് കമ്മറ്റിയെ അറിയിക്കാതെ ഹജ്ജ് സര്‍വ്വീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി
|കൊച്ചിയില്‍നിന്നും സര്‍വ്വീസ് നടത്താനുള്ള ടെണ്ടര്‍ നടപടികള്‍ വ്യോമയാമന്ത്രാലയം പൂര്‍ത്തീകരിച്ചു
ഹജ്ജ് കമ്മറ്റിയെ അറിയിക്കാതെ ഹജ്ജ് സര്‍വ്വീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. കൊച്ചിയില്‍നിന്നും സര്‍വ്വീസ് നടത്താനുള്ള ടെണ്ടര്‍ നടപടികള്‍ വ്യോമയാമന്ത്രാലയം പൂര്‍ത്തീകരിച്ചു. ടെണ്ടര്‍ ക്ഷണിച്ചതറിയാതെ എം.പിമാരടങ്ങുന്ന സംഘം കേന്ദ്രവ്യോമയാന മന്ത്രിയെ കണ്ട് വിമാന സര്‍വ്വീസ് കരിപ്പൂരില്‍ നിന്നാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
ഫെബ്രുവരി 19നാണ് ഹജ്ജ് സര്‍വ്വീസ് നടത്തുന്നതിന് വിമാന കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചത്. മാര്‍ച്ച് 15 വരെയായിരുന്നു ടെണ്ടര്‍ കാലാവധി. കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കും മദീനയില്‍ നിന്നും കൊച്ചിയിലേക്കും സര്‍വ്വീസ് നടത്താനാണ് ടെണ്ടര്‍ വിളിച്ചത്. എന്നാല്‍ ഈ വിവരങ്ങളൊന്നും ഹജ്ജ് കമ്മറ്റിയെ അറിയിച്ചില്ല. ടെണ്ടര്‍ ക്ഷണിച്ച് 14 ദിവസം കഴിഞ്ഞാണ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ ഇ.അഹമ്മദ്, ഹജ്ജ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ കണ്ടത്. ഇത്തവണ ഹജ്ജ് സര്‍വ്വീസ് കരിപ്പൂരില്‍ നിന്നാക്കണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. അപ്പോഴും ഹജ്ജ് കമ്മറ്റിയെ വിവരങ്ങളൊന്നും അറിയിച്ചില്ല. ഇത്തവണ 9943 പേര്‍ക്കാണ് ഹജ്ജ്കമ്മറ്റി മുഖേന ഹജ്ജ് യത്രക്ക് അവസരം ലഭിച്ചത്.
ഇതില്‍ 8213പേരും മലബാറില്‍ നിന്ന്ഉളളവരാണ്. ഇതില്‍തനെ 5402 പേര്‍ മലപ്പുറം,കോഴിക്കോട് ജില്ലാക്കാരാണ്. ഈ തീര്‍ഥാടകര്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രയാസകരമാവും. ആഗസ്റ്റ് 1 മുതല്‍ സെപ്തംബര്‍ 5 വരെയാണ് ഹജ്ജ് സര്‍വ്വീസ് നടത്തുക. ഏപ്രില്‍ 4 മുതല്‍ കരുപ്പൂരിലെ റണ്‍വെ പൂര്‍ണമായും തുറന്ന് നല്‍കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നതിനിടെയാണ് ഈ നടപടി. റണ്‍വേ നവീകരണം ഉള്‍പ്പെടെ ഉളള പണികള്‍ നടക്കുന്ന അഹമ്മദാബാദ് ,ഭോപ്പാല്‍ വിമാനത്താവളങ്ങളില്‍ ഹജ്ജ് സര്‍വ്വീസിന് അനുമതി നല്‍കിയിട്ടുണ്ട്.