ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം: പ്രധാന വിജിലന്‍സ് കേസുകളുടെ അന്വേഷണം നിലച്ചു
|ടൈറ്റാനിയം അടക്കമുള്ള കേസുകളിലെ അന്വേഷണം നിലച്ചു
വിജിലന്‍സിന്റെ പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ ടൈറ്റാനിയം അടക്കമുള്ള കേസുകളിലെ അന്വേഷണം നിലച്ചു. പകരം ഉദ്യോഗസ്ഥരെ നിയമിക്കാതെയാണ് പ്രധാന കേസുകളന്വേഷിക്കുന്ന ഡിവൈഎസ്പിമാരെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥരെ വേഗത്തില്‍ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ സേനയ്ക്കുള്ളില്‍ അതൃപ്തി ശക്തമാണ്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ആരോപണവിധേയരായ ടൈറ്റാനിയം കേസില്‍ വിജിലന്‍സ് പിടിമുറുക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ സ്ഥലം മാറ്റിയത്. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന് ഉള്‍പ്പെടുന്ന സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസ് അന്വേഷണം തുടങ്ങിയ ദിവസം തന്നെ കേസന്വേഷിച്ചിരുന്ന ഡിവൈഎസ്പി ആര് മഹേഷിനെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായി നിയമിച്ചു. സോളാര്‍ കേസന്വേഷിച്ചിരുന്ന ഡിവൈഎസ്പി ഹരികൃഷ്ണന്റെ അനധിക്യത സ്വത്ത് സമ്പാദനക്കേസ് അന്വേഷണം അന്തിമ ഘട്ടം എത്തിയപ്പോഴാണ് എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി കെ.ആര് വേണുഗോപാലിനെ നീക്കിയത്. ഹരികൃഷ്ണന്റെ വീട്ടില്‍ റെയ്ഡ് നടത്തി തെളിവ് സമ്പാദിച്ചതിന് പിന്നാലെയായിരുന്നു സ്ഥലം മാറ്റികൊണ്ടുള്ള സര്‍ക്കാര്‍ നടപടി.
ചുരുക്കത്തില്‍ ഏറെ വിവാദമായ മൂന്ന് കേസുകളുടെ അന്വഷണവും പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ടൈറ്റാനിയം കേസില്‍ അന്തിമ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്കിയ സാഹചര്യത്തിലും പകരം ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഇതുവരെ നിയമിച്ചിട്ടാല്ലായെന്നത് ശ്രദ്ധേയമാണ്.