Kerala
സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുസ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Kerala

സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

admin
|
29 May 2017 11:32 AM GMT

എസ് പക്ഷത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ വിഎസ്സിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള സ്വരാജിനെ ....

എം സ്വരാജിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് സിപിഎമ്മിനകത്ത് എതിര്‍പ്പ് ശക്തമാകുന്നു. ഈഴവവോട്ടുകള്‍ കൂടുതലുള്ള തൃപ്പൂണിത്തുറയില്‍ നായര്‍ സമുദായാംഗമായ സ്വരാജ് മത്സരിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല വിഎസ് പക്ഷത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ വിഎസ്സിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള സ്വരാജിനെ മത്സരിപ്പിക്കുന്നതും എതിര്‍പ്പ് ശക്തമാക്കുന്നു.

പി രാജീവിന് പകരം ജില്ലാസെക്രട്ടറിയറ്റ് നിര്‍ദേശിച്ച സിഎം ദിനേശ് മണി പിന്‍മാറിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റായ എം സ്വരാജിനെ പരിഗണിക്കാന്‍ സംസ്ഥാനസെക്രട്ടറിയറ്റ് നിര്‍ദേശിച്ചത്. ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ ജില്ലാസെക്രട്ടറിയറ്റിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അറുപതിനായിരത്തിലേറെ ഈഴവ വോട്ടുകളുള്ള തൃപ്പൂണിത്തുറയില്‍ നായര്‍ സമുദായാംഗമായ സ്വരാജിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടാണ് ജില്ലയിലെ ഒരുവിഭാഗത്തിനുള്ളത്. നായര്‍ സ്ഥാനാര്‍ത്ഥി വന്നാല്‍ ഈഴവവോട്ടുകള്‍ ഈഴവവിഭാഗത്തില്‍പെട്ട കെ ബാബുവിനും ബിജെപി സ്ഥാനാര്‍ത്ഥിക്കും പോകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബിഡിജെഎസ്സുമായി സഖ്യമുണ്ടാക്കിയശേഷം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റവും ഇതിന് തെളിവായി ഇവര്‍ ചൂണ്ടികാട്ടുന്നു. ഇതിനുപുറമെ വിഎസ് പക്ഷത്തിന് അപ്രമാദിത്വമുള്ള മണ്ഡലത്തില്‍ കടുത്ത വിഎസ് വിരോധിയായ എം സ്വരാജ് വിഎസ്സിനെതിരെ നടത്തിയിട്ടുള്ള കടുത്തപരാമര്‍ശങ്ങളും തിരിച്ചടിയാകുമെന്ന ഭീതിയും നേതാക്കള്‍ക്കുണ്ട്. ഉദയംപേരൂര്‍, എരൂര്‍, പള്ളുരുത്തി, മരട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തന്നെ ശക്തമായ സാനിധ്യമാണ് വിഎസ് പക്ഷത്തിനുള്ളത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നാളെ രാവിലെ ജില്ലാസെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. സ്വന്തം നിലയ്ക്ക് തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതില്‍ പരാജയപ്പെട്ടതോടെ സംസ്ഥാനസെക്രട്ടറിയറ്റിന്‍റെ നിര്‍ദേശം ഒരുപക്ഷെ ജില്ലാസെക്രട്ടറിയറ്റിനും കമ്മിറ്റിക്കും അംഗീകരിക്കേണ്ടിയും വന്നേക്കും.

Similar Posts