ജനാധിപത്യ രാഷ്ട്രീയ സഭയുമായി സി കെ ജാനു
|ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.
ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയെന്നു പേരിട്ട പാര്‍ട്ടി, എന്‍ഡിഎയുടെ ഘടക കക്ഷിയാണ്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ ജെആര്‍എസ് സ്ഥാനാര്‍ഥിയായി സി.കെ.ജാനുവിനെ ചടങ്ങില്‍ പ്രഖ്യാപിച്ചു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ.ജാനു വയനാട് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ബിജെപിയുമായും ബിഡിജെസുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍കരിച്ചാണ് സി.കെ.ജാനുവിന്റെ എന്‍ഡിഎ പ്രവേശം. ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരിലാണ് പുതിയ പാര്‍ട്ടി. ബത്തേരിയില്‍ നടത്തിയ ചടങ്ങിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
പാര്‍ട്ടി പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ, സി.കെ. ജാനുവിനെ ബത്തേരി മണ്ഡലത്തിന്റെ ജെആര്‍എസ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചു.
ജാനുവിന്റെ നേതൃത്വത്തില്‍, ആദിവാസി ഗോത്ര മഹാസഭയും അടുത്തിടെ ജനാധിപത്യ ഊരുവികസന മുന്നണിയും രൂപവല്‍കരിച്ചിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിയ്ക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളിലാണ് ബിജെപിയുമായും ബിഡിജെഎസുമായും ചര്‍ച്ചകള്‍ നടത്തിയത്. സി.കെ.ജാനുവിന്റെ എന്‍ഡിഎ പ്രവേശം സംബന്ധിച്ച് ആദിവാസി ഗോത്രമഹാസഭയിലെ എം.ഗീതാനന്ദന്‍ അടക്കമുള്ള പ്രമുഖര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.