ജിസിഡിഎ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന ചെയര്‍മാന്‍റെ വാദം കള്ളം
|ആര്‍ക്കും ഭൂമി വില്‍ക്കാന്‍ ജിസിഡിഎ തീരുമാനിച്ചിട്ടില്ലെന്ന ചെയര്‍മാന്‍ എന്‍ വേണുഗോപാലിന്‍റെ വാദം പച്ചകള്ളമാണെന്ന് മീഡിയവണിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു
ആര്‍ക്കും ഭൂമി വില്‍ക്കാന്‍ ജിസിഡിഎ തീരുമാനിച്ചിട്ടില്ലെന്ന ചെയര്‍മാന്‍ എന്‍ വേണുഗോപാലിന്‍റെ വാദം പച്ചകള്ളമാണെന്ന് മീഡിയവണിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മണപ്പാട്ടിപറമ്പില്‍ രണ്ടിടത്തും കടവന്ത്രയിലും ഭൂമി വില്‍ക്കാനുള്ള തീരുമാനത്തിന് അനുമതി തേടി സര്‍ക്കാരിന് ജിസിഡിഎ കത്തയച്ചിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ചാണ് അത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അതായത് ഭൂമി ആര്‍ക്കും വില്‍ക്കാന്‍ ജിസിഡിഎ തീരുമാനിച്ചിട്ടില്ല, ഭൂമി ആവശ്യപ്പെട്ടുള്ള വിവിധ കക്ഷികളുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ് ചെയ്തത്. ഇനി സത്യമെന്താണെന്ന് രേഖകള്‍ പറയട്ടെ.
രേഖ 1.
കടവന്ത്രയിലെ 50 സെന്‍റ് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ച് സര്‍ക്കാരിലേക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സഹകരണസംഘത്തിന് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചതായി വിലസഹിതം ഇതില്‍ കൃത്യമായി പറയുന്നു. ഇതിന് അംഗീകാരം നല്‍കാനാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അല്ലാതെ വില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനല്ല.
രേഖ 2.
മണപ്പാട്ടിപറമ്പിലെ 85 സെന്‍റ് സ്ഥലം ജുഡീഷ്യല്‍ ഓഫീസേഴ്സ് സഹകരണസംഘത്തിന് വില്‍ക്കാന്‍ തീരുമാനിച്ചത് വ്യക്തമാക്കി സര്‍ക്കാരിലേക്ക് കത്തയച്ചു. ഇതും വില്‍ക്കാനുള്ള ജിസിഡിഎ തീരുമാനത്തിന് അനുമതി തേടിയാണ് സര്‍ക്കാരിന് കത്തയച്ചത്.
രേഖ 3.
നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് മണപ്പാട്ടി പറമ്പില്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചത് വ്യക്തമാക്കി സ്ഥലത്തിന്‍റെ വില നിശ്ചയിക്കാന്‍ ജിസിഡിഎ ജില്ലാകളക്ടര്‍ക്ക് കത്തയച്ചു. സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത് വ്യക്തമാക്കി ജിസിഡിഎ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കും കത്തയച്ചിട്ടുണ്ട്.
ഈ വസ്തുതകളെല്ലാം മറച്ചുവെച്ചാണ് ജിസിഡിഎ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥലം വില്‍ക്കാന്‍ ജിസിഡിഎ തീരുമാനിച്ചിട്ടില്ലെന്ന കള്ളം പറഞ്ഞത്.