പുല്ലുവിളയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു
|ചിന്നപ്പന്റെ ഭാര്യ ചിലു അമ്മയാണ് മരിച്ചത്
തിരുവനന്തപുരത്ത് തെരുവുനായകളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. കരുങ്കുളം പുല്ലുവിള സ്വദേശി ശിലുവമ്മയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. സമാന സംഭവങ്ങള്‍ തടയാന്‍ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ സ്ത്രീകള്‍ക്കാണ് തെരുവുനായകളുടെ കടിയേറ്റത്. ശിലുവമ്മയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തെരുവുനായയുടെ കടിയേറ്റ നിലയില്‍ പുല്ലുവിള കടപ്പുറത്ത് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ശിലുവമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെരുവുനായ ആക്രമിച്ച പ്രദേശവാസിയായ ഡെയ്സി തലനാരിഴക്കാണ് രക്ഷപ്പെട്ടത്
പുല്ലുവിള കടപ്പുറം പ്രദേശം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയായിക്കഴിഞ്ഞാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം പുല്ലുവിളയിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു.
സംഭവം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കലക്ടറോ തഹസില്‍ദാറോ സ്ഥലത്തെത്താത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ശിലുവമ്മയുടെ മൃതദേഹം പുല്ലുവിള സെന്റ് ജേക്കബ് ദേവാലയത്തില്‍ സംസ്കരിച്ചു.
തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ മീഡിയവണിനോട് പറഞ്ഞു.