നോട്ടുനിരോധം പരാജയപ്പെട്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്
|പ്രധാനമന്ത്രി തെറ്റ് ഏറ്റ് പറയണമെന്നും തോമസ് ഐസക്
കള്ളപ്പണ വേട്ട എന്ന നിലയില്‍ കൊണ്ടുവന്ന നോട്ട് അസാധുവാക്കല്‍ ഇതിനകം തന്നെ പരാജയപ്പെട്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നിരോധിച്ച കറന്‍സിയുടെ 95 ശതമാനം വരെ തിരികെ എത്താനാണ് സാധ്യത. അതിനാല്‍ കണ്ടുകെട്ടാവുന്ന കള്ളപ്പണം ഒരു ലക്ഷം കോടി മാത്രമേ ഉണ്ടാകൂ. എന്നാല്‍ ഈ നടപടിക്ക് വേണ്ടി വന്ന ചിലവും പ്രതിസന്ധി മൂലമുള്ള നഷ്ടവും മൂന്നരലക്ഷം കോടി കവിയുമെന്നും തോമസ് ഐസക് പറഞ്ഞു.
പതിനാലര ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് അസാധുവാക്കിയത്. ഇതില്‍ 35 ശതമാനം തിരികെ എത്താതിരിക്കുമെന്നും 3 ലക്ഷം കോടിയോളം വരുന്ന ആ തുക സര്‍ക്കാര്‍ ഖജനാവിന് മുതല്‍കൂട്ടാവുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. ഇപ്പോഴത്തെ അവസ്ഥ ഈ ധാരണയെ തകിടം മറിക്കുന്നതാണെന്ന് ധനമന്ത്രി പറഞ്ഞു
പുതിയ നോട്ടിന്റെ അച്ചടി, വിമാനത്തിലും ഹെലികോപ്ടറിലും എത്തിക്കല്‍, പഴയനോട്ട് ഒഴിവാക്കല്‍ ഉള്‍പ്പെടെ നോട്ട് നിരോധത്തിന്റെ നടത്തിപ്പ് ചെലവ് മാത്രം 1,28,000 കോടി രൂപവരുമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നോട്ട് പ്രതിസന്ധിയുണ്ടാക്കിയ വളര്‍ച്ചാ നഷ്ടം കൂടി കണക്കാക്കിയാല്‍ നഷ്ടം വലുതാകും. പ്രധാനമന്ത്രി തെറ്റ് ഏറ്റ് പറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു