അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിഎസ്
|സര്‍ക്കാരിന്റെ നീക്കം അനധികൃത കെട്ടിടങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് വിഎസ്
പിഴ ഈടാക്കി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാറിനെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് രംഗത്ത്. പിഴ ഈടാക്കി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നത് അനധികൃത കെട്ടിട നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിഎസ് വിമര്‍ശിച്ചു.
അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി അംഗീകാരം നല്കാന് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെതിരെയാണ് വിഎസിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. വാര്‍ത്ത ശരിയാണെങ്കില്‍ അനധികൃത നിര്‍മാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്ന് വിഎസ് കുറ്റപ്പെടുത്തി. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
തണ്ണീര്‍തടങ്ങള്‍ നികത്തിയും തീരദേശ പരിപാലന നിയമവും കാറ്റില്‍ പറത്തിയാണ് പലതും നിര്‍മിച്ചത്. റിസോര്‍ട്ട് മാഫിയയും ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നാണ് ഇവക്ക് അംഗീകാരം നടത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പാണാവള്ളി കാപ്പിക്കോ, മരടിലെ ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയം എന്നിവക്ക് അനുമതി നല്‍കുന്നത് ആശങ്കാജനകമാണ്. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തും താന്‍ ശക്തമായി പ്രതികരിച്ചിരുന്നതായി വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി.