Kerala
പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയവര്‍ പിന്നില്‍നിന്ന് കുത്തി: കെ എം മാണിപാര്‍ട്ടി പിളര്‍ത്തി പുറത്തുപോയവര്‍ പിന്നില്‍നിന്ന് കുത്തി: കെ എം മാണി
Kerala

പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയവര്‍ പിന്നില്‍നിന്ന് കുത്തി: കെ എം മാണി

admin
|
13 Jun 2017 10:15 AM GMT

കെ എം ജോര്‍ജിന്‍റെ മകന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ തന്‍റെ മകനും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തക്കാം

പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയവര്‍ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് കെ എം മാണി. കെ എം ജോര്‍ജിന്‍റെ മകന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെങ്കില്‍ കെ എം മാണിയുടെ മകനുമാകാം. സിറ്റിംഗ് സീറ്റുകള്‍ ചോദിക്കില്ലെന്ന ഉറപ്പ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയും വി എം സുധീരനും നല്‍കിയെന്നും കെ എം മാണി പറഞ്ഞു. നേതൃത്വം ഇടപെട്ടിരുന്നുവെങ്കില്‍ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നുവെന്ന് ചില അംഗങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിമര്‍ശം ഉന്നയിച്ചു.

കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് സംബന്ധിച്ച് കെ എം മാണിയുടെ വ്യക്തമായ പ്രതികരണങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റിക്കു ശേഷം ഉണ്ടായത്. പാര്‍ട്ടി വളര്‍ത്തി വലുതാക്കിയവരില്‍ ചിലര്‍ പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തി പുറത്തുപോയി. പാര്‍ട്ടിയില്‍നിന്ന് മുന്‍പ് പുറത്തുപോയവര്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ പിരിഞ്ഞുപോയവര്‍ തിരികെ വരുമെന്നും കെ എം മാണി പറഞ്ഞു.

കുടുംബ വാഴ്ചയെപ്പറ്റി ഫ്രാന്‍സിസ് ജോര്‍ജ്ജിന് പറയാന്‍ അവകാശമില്ല. കെ എം ജോര്‍ജിന്‍റെ മകന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ തന്‍റെ മകനും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തക്കാം. ജോസ് കെ മാണി രാഷ്ട്രീയത്തില്‍ ശോഭിക്കുന്നുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മാണി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സീറ്റുകളില്‍ വിട്ടുവീഴ്ചയില്ല. സിറ്റിംഗ് സീറ്റുകള്‍ ചോദിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍ എന്നിവരില്‍ നിന്നും ലഭിച്ചതായും കെ എം മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പിളര്‍പ്പ് സംബന്ധിച്ച് നേതൃത്വത്തിനെതിരെ ചില അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. നേതൃത്വം കാര്യമായി ഇടപെട്ടിരുന്നുവെങ്കില്‍ പിളര്‍പ്പ് ഒഴിവാക്കാമായിരുന്നുവെന്നും ജോസ് കെ മാണിയെ നേതൃത്വത്തിലേക്ക് ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതാണ് പിളര്‍പ്പിനു കാരണമായതെന്നും ചിലര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി കുറച്ചു കാണിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന വിമര്‍ശവും കമ്മിറ്റിയിലുണ്ടായി.

Similar Posts