നീന്തല്‍ കുളത്തിന്റെ സ്ഥലം കൈയേറിയതായി പരാതി
|അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ കുളം നിര്‍മ്മിക്കാനാണ് സ്പോര്‍ട്സ് കൌണ്‍സിലിന് 1 ഏക്കര്‍ 55 സെന്‍റ് സ്ഥലം കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന് തുറമുഖ വകുപ്പ് പാട്ടത്തിന് നല്‍കിയത്
കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന് നീന്തല്‍ കുളം നിര്‍മ്മിക്കാനായി പാട്ടത്തിന് നല്‍കിയ ഭൂമിയെ ചൊല്ലി സ്പോര്‍ട്സ് കൌണ്‍സിലും ഹാര്‍ബര്‍ എന്‍ജീനിയറിങ് വിഭാഗവും തമ്മില്‍ ഇടയുന്നു. തങ്ങള്‍ പാട്ടതുക അടയ്ക്കുന്ന സ്ഥലം ഹാര്‍ബര്‍ എന്‍ജീനിയറിങ് വിഭാഗം കൈയേറിയെന്നാണ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ പരാതി. ഇതിന് എതിരെ കോടതിയെ സമീപിക്കാനാണ് സ്പോര്‍ട്സ് കൌണ്‍സില്‍ ഭാരാഹികളുടെ തീരുമാനം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ കുളം നിര്‍മ്മിക്കാനാണ് സ്പോര്‍ട്സ് കൌണ്‍സിലിന് 1 ഏക്കര്‍ 55 സെന്‍റ് സ്ഥലം കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന് തുറമുഖ വകുപ്പ് പാട്ടത്തിന് നല്‍കിയത്. 2000ത്തില്‍ നീന്തല്‍ കുള നിര്‍മ്മാണം ആരഭിച്ചെങ്കിലും നിയമ കുരുക്കില്‍ പെട്ട് പാതിവഴിയില്‍ നിലച്ചു. വീണ്ടും പദ്ധതി പ്രവര്‍ത്തനം പുനരാരാംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബിച്ച് നവീകരണത്തിന്‍റെ പേരില്‍ സ്ഥലം കൈയേറിയതെന്നാണ് സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ ആക്ഷേപം. മാത്രമല്ല മതിലും താല്‍ക്കാലിക കെട്ടിടവും പൊളിച്ചതായും പരാതിയുണ്ട്.
2017 വരെയുള്ള പാട്ടതുക സ്പോര്‍ട്സ് കൌണ്‍സില്‍ അടച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന് എതിരെ നിയമ നടപടി സ്വീകരിക്കാനും സ്പോര്‍ട്സ് കൌണ്‍സില്‍ തീരുമാനിച്ചു. നീന്തല്‍ കുളത്തിനായി ഫ്ളാറ്റ് ഫോം നിര്‍മ്മിച്ച സ്ഥലം ലോറി സ്റ്റാന്‍റായും മാറി കഴിഞ്ഞു. ഇങ്ങോട്ട് അനധികൃതമായി വഴി നിര്‍മ്മിച്ചതായും സ്പോര്‍ട്സ് കൌണ്‍സില്‍ പരാതിപ്പെടുന്നു. എന്നാല്‍ ബീച്ച് നവീകരണ പദ്ധതി നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്‍റെ നിലപാട്