അനധികൃത നിയമനങ്ങള്‍ തടയാനുളള ശുപാര്‍ശകളുമായി ഭരണ പരിഷ്ക്കാര കമ്മീഷന്
|അഴിമതികള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ കമ്മീഷന് രൂപികരിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനെ അറിയിക്കുമെന്ന് വിഎസ്
അനധികൃത നിയമനങ്ങള്‍ തടയാനുളള ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സംസ്ഥാന ഭരണ പരിഷ്ക്കാര കമ്മീഷന് തീരുമാനിച്ചു. അഴിമതികള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ കമ്മീഷന് രൂപികരിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് അറിയിച്ചു. വിജിലന്‍സില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി സ്ക്രൂട്ടിനിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്ന ശുപാര്‍ശയും കമ്മീഷന് സര്‍ക്കാരിന് നല്‍കും.
നിര്‍ണ്ണായകമായ ചില ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്കാന് തീരുമാനിച്ചാണ് നാലാം ഭരണ പരിഷ്ക്കാര കമ്മീഷന്റെ ആദ്യ യോഗം അവസാനിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന് വേണമെന്ന ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. അഴിമതി തുടച്ച് നീക്കുന്നതിന് വിജിലന്‍സ്, ലോകായുക്ത, ഓംബുഡ്സ്മാന് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് കമ്മീഷന്റെ അഭിപ്രായം.
മുന്‍കാല കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന നിലപാടും വിഎസ് ചെയര്‍മാനായ കമ്മീഷനുണ്ട്. അധ്യാപക നിയമനം, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കമ്മീഷന് അംഗങ്ങളായ സി പി നായര്‍, നീലാ ഗംഗാധരന് എന്നിവരും ആദ്യയോഗത്തില്‍ പങ്കെടുത്തു.