എംഎല്‍എ ആയാലും ക്രിക്കറ്റ് കളിക്കുമെന്ന് ശ്രീശാന്ത്
|ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി താരം ശ്രീശാന്ത് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്സ് തുടങ്ങാന്‍ ഒരുങ്ങുകയാണ്.
ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി താരം ശ്രീശാന്ത് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്സ് തുടങ്ങാന്‍ ഒരുങ്ങുകയാണ്. തിരുവനന്തപുരത്തു നിന്നു ബിജെപി സ്ഥാനാര്‍ഥിയായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്ത് മത്സരിക്കുക.
കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചുവരികയായിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു. കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം. ജനങ്ങളെയും രാഷ്ട്രത്തേയും സേവിക്കാന്‍ ഇതിലും നല്ല വഴിയില്ല. എന്തൊക്കെയായാലും ക്രിക്കറ്റ് തന്നെയാണ് തനിക്ക് ജീവവായു. അതിനെ കൈവിടില്ല. കളിയിലേക്ക് തിരിച്ചുവരുന്നതിനെ ദിവസവും സ്വപ്‍നം കാണാറുണ്ട്. ഇതേസമയം, രാഷ്ട്രീയം തനിക്കൊരു നേരംപോക്കല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ബിജെപിയുടെ ആദര്‍ശങ്ങളും ധാര്‍മികതയും ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവരുടെയൊപ്പം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു അനുഭാവിയാണ് താന്‍. ജനങ്ങള്‍ മോദിയെ അകമഴിഞ്ഞ് പിന്തുണക്കണമെന്നാണ് തന്റെ അഭിപ്രായം. രാഷ്ട്രത്തിന്റെ തലവര മാറ്റാന്‍ പോകുന്ന നേതാവാണ് മോദിയെന്നും ശ്രീശാന്ത് പറയുന്നു.
ക്രിക്കറ്റിലേതു പോലെ രാഷ്ട്രീയത്തിലും താനൊരു തികഞ്ഞ പോരാളിയായിരിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. കളിക്കളത്തിലെ അതേ പോരാട്ടവീര്യം തന്നെയായിരിക്കും രാഷ്ട്രീയത്തിലും പുറത്തെടുക്കുക. ഇതേസമയം, എംഎല്‍എ ആയാലും ക്രിക്കറ്റ് കളിക്കുമെന്നും ശ്രീ പറയുന്നു. ആരെയെും അപമാനിക്കാനോ അനാവശ്യമായി ആരോപണം ഉന്നയിക്കാനോ താന്‍ മുതിരില്ല. തന്റെ മണ്ഡലത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളെ അറിയിക്കും. കേരളത്തില്‍ രണ്ടു മുന്നണികളെയും ജനങ്ങള്‍ പലവട്ടം മാറിമാറി പരീക്ഷിച്ചുകഴിഞ്ഞു. ഇനി ബിജെപിക്കുള്ള അവസരമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു. വിലക്കില്‍ നിന്നു രക്ഷപെടാനും ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനുമാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രീ പറഞ്ഞു.