വീട്ടുമുറ്റത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുമായി വി.കെ ഇബ്രാഹിം കുഞ്ഞ്
|വീട്ട് മുറ്റത്ത് ഒരുക്കിയ ഹൈ ടെക് പന്തലാണ് ഇബ്രാഹിം കുഞ്ഞിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വീട്ടുമുറ്റത്ത് തന്നെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഒരുക്കിയിരിക്കുകയാണ് കളമശേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.കെ ഇബ്രഹിം കുഞ്ഞ്. പാനായിക്കുളത്തിന് സമീപത്തെ വീട്ട് മുറ്റത്ത് ഒരുക്കിയ ഹൈ ടെക് പന്തലാണ് ഇബ്രാഹിം കുഞ്ഞിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്.
വീട്ടുമുറ്റത്ത് തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ ഓണ്‍ലൈന്‍ കണക്ടിവിറ്റി അടക്കമുള്ള ആധുനീക സൌകര്യങ്ങള്‍ , വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സൌകര്യങ്ങള്‍ , യോഗങ്ങള്‍ ചേരുന്നതിനുള്ള സ്ഥലം അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് താല്കാലിക ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പരിശോധനയും പുതിയ വോട്ടര്‍മാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കലുമായി തെരഞ്ഞെടുപ്പ് ഓഫീസില്‍ ഒരുക്കങ്ങള്‍ കൊഴുക്കുകയാണ്.
ജില്ലയില്‍ ആദ്യം പ്രചരണം ആരംഭിച്ച സ്ഥാനാര്‍ത്ഥി കൂടിയായ ഇബ്രഹിംകുഞ്ഞ് ഇപ്പോള്‍ ഭവന സന്ദര്‍ശനമടക്കമുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ പോഷക സംഘടനകളുടെ കണ്‍വെന്‍ഷനുകള്‍ ഇതിനോടകം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രോഗ്രസ് കാര്‍ഡും മണ്ഡലത്തില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും വോട്ടായിമാറുമെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതീക്ഷ.