ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റക്കാരന്‍, ശിക്ഷ വിധി നാളെ
|പ്രമാദമായ ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധി നാളെ
ചന്ദ്രബോസ് വധക്കേസില്‍ വ്യവസായിയായ മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി. തൃശൂര്‍ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ചന്ദ്രബോസ് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയാനിരിക്കെയാണ് കോടതിവിധി.
തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ പ്രതി നിസാം ആഡംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ കോടതി പിന്നീട് വിധിക്കും. കേസില്‍ ഈ മാസം 31നകം വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്.
79 ദിവസത്തെ വിചാരണക്ക് ശേഷമാണ് ഇന്ന് വിധി പറഞ്ഞത്. കേസില്‍ 22 പ്രോസിക്യൂഷന്‍ സാക്ഷികളെയും നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. വിചാരണയുടെ ആദ്യദിനം ഒന്നാം സാക്ഷി അനൂപ് കൂറുമാറിയെങ്കിലും പിന്നീട് തിരുത്തി. വിധി തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നിസാം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വിധി എതിരായാല്‍ പ്രതിക്ക് മേല്‍ക്കോടതിയെ സമീപിക്കാമല്ലോ എന്നായിരുന്നു സുപ്രീംകോടതി നിലപാട്.
കഴിഞ്ഞ വര്‍ഷം ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് നിസാം ചന്ദ്രബോസിനെ കാറിടിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു.