മുന്‍ സ്പീക്കര്‍ ടി എസ് ജോണിന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന് പരാതി
|മുന്‍ സ്പീക്കറും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ടിഎസ് ജോണിന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന് ആരോപണം
മുന്‍ സ്പീക്കറും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ടിഎസ് ജോണിന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന് ആരോപണം. ബന്ധുക്കള്‍ നിയമസഭ സ്പീക്കര്‍ക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. സ്വത്തുക്കള്‍ ട്രസ്റ്റിന് കൈമാറിയതിലും സംശയമുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ മാസം 9ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ടി എസ് ജോണ്‍ മരണമടഞ്ഞത്. തിരുവനന്തപുരത്തുള്ള ബന്ധുക്കളുമായി തെറ്റി പിരിഞ്ഞ ടി എസ് ജോണ്‍ അവസാന നാളുകളില്‍ കൊച്ചിയിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ പരിചരിക്കുന്നതിന് ഹോം നഴ്സും ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും 44 കിലോമീറ്റര്‍ അകലെ ചേര്‍ത്തലയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ടിഎസ് ജോണിനെ അടുത്ത ദിവസം രാവിലെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
സ്വന്തം പേരിലുള്ള ട്രസ്റ്റിനാണ് അദ്ദേഹം സ്വത്തുക്കള്‍ എഴുതിവെച്ചിരിക്കുന്നത്. ഈ ട്രസ്റ്റ് അംഗമായ ഒരാള്‍ക്കെതിരെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ ഹോം നഴ്സിനെ സ്വാധീനിച്ച് ചികിത്സ വൈകിപ്പിച്ചെന്നാണ് ആരോപണം. പരാതി സ്വീകരിച്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി.