വയനാട് അതിര്‍ത്തിയില്‍ 17 മദ്യഷാപ്പുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ അനുമതി
|മൈസൂര്‍, കൂര്‍ഗ് ജില്ലകളിലാണ് ഷാപ്പുകള്‍ തുറക്കുക
വയനാടന്‍ അതിര്‍ത്തിയില്‍ പുതിയ 17 മദ്യഷാപ്പുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കി. മൈസൂര്‍, കൂര്‍ഗ് ജില്ലകളിലാണ് ഷാപ്പുകള്‍ തുറക്കുക. ആദ്യത്തെ ഔട്ട് ലെറ്റ് കബനി നദിയുടെ കരയില്‍ പ്രവര്‍ത്തനം തുടങ്ങി. നാഗര്‍ഹോള വന്യജീവി സങ്കേതത്തിന് സമീപത്തായാണ് പുതിയ മദ്യഷാപ്പ് തുറന്നിരിക്കുന്നത്.
വയനാട്- കര്‍ണാടക അതിര്‍ത്തിയിലെ മച്ചൂരിലാണ് പുതിയ മദ്യഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. പുല്പള്ളിയിലെ മരക്കടവില്‍ നിന്ന് തോണിയില്‍ മറുകരയിലെത്തിയാല്‍ വിദേശമദ്യം സുലഭമായി ലഭിയ്ക്കും. കേരളത്തില്‍ നിന്ന് നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ മദ്യശാലയില്‍ എത്തുന്നുണ്ട്. കൂടുതല്‍ തോണി സര്‍വീസ് പോലും കബനിയില്‍ ആരംഭിച്ചു കഴിഞ്ഞു. മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച പഞ്ചായത്താണ് ബൈരക്കുപ്പ. എന്നാല്‍, ഇതൊന്നും മദ്യലോബിക്ക് ബാധകമല്ല.
കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ മറ്റൊരു മദ്യശാലയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ, ബാവലിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പൂട്ടിയത്. ഇതിനു സമീപത്തായാണ് പുതിയത് ആരംഭിയ്ക്കാന്‍ നീക്കം നടക്കുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ ബാറുകള്‍ അനുവദിയ്ക്കരുതെന്നു കാണിച്ച് വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് മൈസൂര്‍ ജില്ലാ കലക്ടര്‍ക്ക് 2015ല്‍ കത്തു നല്‍കിയിരുന്നു. ഈ കത്തും കര്‍ണാടക സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഡ്രൈഡേകളിലും ഒഴിവുദിവസങ്ങളിലുമെല്ലാം വലിയ തിരക്കാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിലവില്‍ തന്നെ അനുഭവപ്പെടുന്നത്.