Kerala
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ മുന്നറിയിപ്പ്സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ മുന്നറിയിപ്പ്
Kerala

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ മുന്നറിയിപ്പ്

Subin
|
24 Jun 2017 11:30 PM GMT

സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് അഡ്മിഷന്‍ നടത്തുന്ന നീക്കത്തില്‍ നിന്ന് പിന്‍മാറണം.

സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് അഡ്മിഷന്‍ ആരംഭിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ സര്‍വകലാശാല രംഗത്ത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തുന്ന അഡ്മിഷന്‍ നടപടികള്‍ അംഗീകരിക്കില്ലെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പബ്ലിക് നോട്ടീസില്‍ സര്‍വകലാശാല വ്യക്തമാക്കി.

മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മറികടന്ന് കഴിഞ്ഞ ദിവസമാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അപേക്ഷ ക്ഷണിച്ചത്. കോളജുകള്‍ അതത് വെബ്സൈറ്റുകളില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കുകയും പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തു. സ്വന്തം നിലക്ക് പ്രവേശ നടപടികളുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു മാനേജ്മെന്റുകളുടെ നടപടി. സ്വാശ്രയ കോളജുകളിലെ പ്രവേശം ഏറ്റെടുത്ത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മറികടന്നാണ് മാനേജ്മെന്റുകള്‍ തീരുമാനവുമായി മുന്നോട്ടുപോയത്. ഇതിനെതിരെയാണ് സര്‍വകലാശാല ഇപ്പോള്‍ രംഗത്തെത്തിയത്.

വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പബ്ലിക് നോട്ടീസില്‍ മാനേജ്മെന്റുകളുടെ പ്രവേശ നടപടി അംഗീകരിക്കാനാകില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കുന്നു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചുള്ള ഒരു പ്രവേശവും അംഗീകരിക്കില്ല. ഇങ്ങനെ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കില്ലെന്നും സര്‍വകലാശാല വ്യക്തമാക്കുന്നു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സര്‍വകലാശാലയുടെ മുന്നറിയിപ്പ് സ്വാശ്രയ കോളജുകളെ വെട്ടിലാക്കും.

Similar Posts