നാല് എഞ്ചിനീയറിങ് കോളെജ് പ്രധാന അധ്യാപകരെ തരംതാഴ്‍ത്തി
|മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി
നാല് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് പ്രധാനാധ്യാപകരെ തരംതാഴ്ത്തി. മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
കേരള സര്‍വീസ് ചട്ടപ്രകാരം മതിയായ യോഗ്യതയില്ലാത്തവരെ ഒഴിവാക്കണമെന്നായിരുന്നു കേരള ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതുപ്രകാരം 2014ല്‍ പ്രിന്‍സിപ്പല്‍മാരായി നിയമിതരായ തിരുവനന്തപുരം സിഇടി എഞ്ചിനീയറിങ് കോളജിലെ ഡോ. ഡേവിഡ്, കോഴിക്കോട് വെസ്റ്റ്ഹിൽ എഞ്ചിനീയറിങ് കോളജിലെ ഡോ. ബൈജുബായി, വയനാട് മാനന്തവാടി എഞ്ചിനീയറിങ് കോളജിലെ ഡോ. അനിത, ഡെപ്യൂട്ടേഷനിലായിരുന്ന തിരുവനന്തപുരം പൂജപ്പുര വനിത എഞ്ചിനീയറിങ് കോളജിലെ ഡോ. രവീന്ദ്രനാഥ് എന്നിവരെയാണ് സര്‍ക്കാര്‍ പ്രിന്‍സിപ്പൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. പകരം ഇടുക്കി എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. രഘുരാജിനെ സിഇടിയിലേക്ക് സ്ഥലം മാറ്റി. കോഴിക്കോടും വയനാടും പ്രൊഫസര്‍മാരായി സേവനം അനുഷ്ടിച്ചിരുന്ന ഡോ. ഷീബ, ഡോ. അബ്ദുല്‍ ഹമീദ് എന്നിവരെ അവിടങ്ങളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിച്ചു. സ്പെഷ്യല്‍ റൂൾസിന്റെ ലംഘനമാണ് വിധിയെന്നും ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയുമാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഒമ്പത് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജുകളിലെ അധ്യാപകര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം നടത്തുന്നത്. വരും ദിവസങ്ങളില്‍ സമരം ശക്തമായേക്കുമെന്നാണ് സൂചന.