ജിഷ്ണുവിന്‍റെ മരണം; കൃഷ്ണദാസിന്‍റെ ജാമ്യം വീണ്ടും നീട്ടി
|പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. സി പി ഉദയഭാനു ഇന്ന് സർക്കാരിന് വേണ്ടി ഹാജരാകും. നിയമ മന്ത്രി എ കെ ബാലന്റെ നിർദേശപ്രകാരമാണ്
ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ മുന്കൂര് ജാമ്യം ചൊവ്വാഴ്ച്ചവരെ ഹൈക്കോടതി നീട്ടി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. കെപി ഉദയഭാനു അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ വാദത്തില്‍ പൊലീസ് അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ഡിജിപി യെ കേസില്‍ നിന്ന് മാറ്റി.
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസ് സംബന്ധിച്ച് പഠിക്കാനായി സാവകാശം വേണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ പി ഉദയഭാനു കോടതിയോട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസില്‍ ഒന്നാം പ്രതിയായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ മുന്കൂര് ജാമ്യം നീട്ടിയത്. ചൊവ്വാഴ്ച്ചവരെയാണ് ഹൈക്കോടതി കൃഷ്ണദാസിന്‍റെ ജാമ്യം നീട്ടിയത്. കഴിഞ്ഞദിവസം വവരെ പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍നായരെ മാറ്റിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായത്.
കേസില്‍ ഡിജിപിയുടെ പ്രകടനത്തെ കുറിച്ച് പൊലീസ് പരാതിപെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയത്. നിയമമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു മാറ്റം. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന ആത്മഹത്യാപ്രേരണാകുറ്റം നിലനില്‍ക്കുമോയെന്നകാര്യത്തില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കേസ് വിശദമായി പഠിച്ചശേഷം വാദം നടത്താന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനുമതി തേടിയത്. സര്‍ക്കാര്‍ അഭിഭാഷകന്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാത്തതിനാലാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.