എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ട്രിബ്യൂണല്‍ വേണമെന്ന ആവശ്യം സജീവം
|ട്രിബ്യൂണല്‍ സ്ഥാപിക്കാനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട് പോകുമെന്ന് റവന്യൂ മന്ത്രി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. ദുരിതബാധിതര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കാനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട് പോകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ട്രിബ്യൂണല്‍. ഇക്കാര്യം പരിഗണിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ട്രിബ്യൂണല്‍ സ്ഥാപിക്കുക എന്ന ആവശ്യം സ്വകാര്യബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് പഠനസമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു നടപടികളൊന്നുമുണ്ടായില്ല. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടു മാത്രം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതോടെ കീടനാശിനി നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടം ഈടാക്കുന്നതിന് സാധിക്കും. ട്രിബ്യൂണല്‍ സ്ഥാപിക്കുക എന്ന ആവശ്യം സര്‍ക്കാരിന്റെ അടിയന്തര പരിഗണനയിലുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വസം പകര്‍ന്നിട്ടുണ്ട്.