Kerala
Kerala

ജേക്കബ് തോമസിനെതിരായ സിബിഐ നടപടി സംശയകരമെന്ന് സര്‍ക്കാര്‍

Damodaran
|
26 Jun 2017 12:51 AM GMT

ക്രമങ്ങള്‍ പാലിച്ചാണ് സത്യവാങ്മൂലം നല്‍കിയതെന്ന് സിബിഐ അറിയിച്ചു. സിബിഐ ഡയറക്ട്ര്‍ക്ക് ജേക്കബ് തോമസ് കത്തയച്ചത് ശരിയായ നടപടിയല്ലെന്നും.....

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കേസില്‍ അന്വേഷണം നടത്താമെന്ന സിബിഐ സത്യവാങ്മൂലത്തിനെതിരെ സര്‍ക്കാര്‍. സിബിഐ നടപടി സംശയാസ്പദമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് സിബിഐയും വാദിച്ചു.

2009 ല് അനുമതിയില്ലാതെ അവധിയെടുത്ത് ജേക്കബ് തോമസ് കൊല്ലത്തെ സ്വകാര്യകോളേജില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചതിനെതിരെ സ്വകാര്യവ്യക്തി നല്‍കിയപരാതിയിലാണ് അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചത്. അന്വേഷണത്തിന് സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നും സിബിഐയുടെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐയുടെ സത്യവാങ്മൂലം സംശായ്സപദമാണെന്ന് ഇന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഹരജി നിലനില്‍ക്കുമോ എന്നത് സംബന്ധിച്ചവാദം മാത്രം നടക്കവേ അന്വേഷിക്കാന്‍ സ്വമേധയ തയ്യാറായ സിബിഐ നടപടി ദുരുദ്ദേശപരമാണ്. മാത്രവുമല്ല സത്യവാങ്മൂലത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കുപകരം അഭിഭാഷകനാണ് ഒപ്പിട്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ച് തന്നെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസ് കത്തയച്ചത് ശരിയായ നടപടിയല്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരിന്‍റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ എജിക്ക് ഹാജരാകാന്‍ സമയം ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം 3 ലേക്ക് മാറ്റി.

Similar Posts