ചക്കിട്ടപാറ ഖനനം: സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് ഖനന വിരുദ്ധ സമിതി
|മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന എംഎസ്പിഎല്‍ കമ്പനിയുടെ പ്രസ്താവനയെക്കുറിച്ച് സര്‍ക്കാര്‍ മൌനം പാലിക്കുന്നത് ദുരൂഹം..
ചക്കിട്ടപാറയിലെ ഇരുമ്പയിര്‍ ഖനനാനുമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന എംഎസ്പിഎല്‍ കമ്പനിയുടെ പ്രസ്താവനയെക്കുറിച്ച് സര്‍ക്കാര്‍ മൌനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഖനനവിരുദ്ധ ജനകീയ സമിതി. ഖനനനീക്കത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ എംഎസ്പിഎല്‍ കമ്പനി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്നും ജനകീയ സമിതി ആരോപിച്ചു. ഖനനത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
ചക്കിട്ടപാറയിലെ ഇരുമ്പയിര്‍ ഖനനവുമായി ബന്ധപ്പെട്ട് എംഎസ്പിഎല്‍ കമ്പനി ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഖനനവിരുദ്ധ ജനകീയ സമിതിയുടെ വാദം. ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയെന്ന കമ്പനിയുടെ പ്രസ്താവന ഗൌരവകരമാണ്. ഇടതു പാര്‍ട്ടികള്‍ സമരരംഗത്തില്ലാത്തത് ദുഖകരമാണെന്നും സമിതി നേതാക്കള്‍ പറഞ്ഞു.
ഖനനാനുമതിക്ക് വേണ്ടി വനം പരിസ്ഥിതി മന്ത്രാലയത്തിന് കമ്പനി നല്‍കിയ അപേക്ഷയില്‍ തെറ്റായ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്ത് ഖനനം നടത്താനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.