നായകളുടെ പറുദീസയായി വര്‍ക്കല
|വിദേശ സഞ്ചാരികള്‍ക്കെതിരെ രോഷവുമായി നാട്ടുകാര്‍
ടൂറിസം മേഖലയായ വര്‍ക്കലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതിന് വിദേശികളും കാരണക്കാരാകുന്നതായി നാട്ടുകാര്‍. വിദേശ വിനോദ സഞ്ചാരികള്‍ തെരുവുനായകള്‍ക്ക് ഭക്ഷണവും സംരക്ഷണവും നല്കി പോറ്റുന്നതാണ് അവ പെറ്റുപെരുകാന്‍ ഇടയാകുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വിനോദ സഞ്ചാരികളും ഇവിടെ തെരുവുനായകളുടെ ആക്രമണത്തിനിരയാവുന്നുണ്ട്.
തെരുവുനായകളുടെ കടിയേറ്റ് വൃദ്ധന് മരിച്ച വര്‍ക്കല മുണ്ടയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് വര്‍ക്കല പാപനാശം തീരം.
ബീച്ചിലേക്കും റിസോര്‍ട്ടുകളിലേക്കുമുള്ള വഴികളില്‍ മുഴുവന്‍ തെരുവുനായകള്‍ യഥേഷ്ടം വിഹരിക്കുന്നു.
നൂറുകണക്കിന് ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും ഭക്ഷണമാലിന്യങ്ങള്‍, പോരാത്തതിന് വിദേശികളുടെ സഹജമായ മൃഗസ്നേഹവും.
ഇവിടത്തെ നായകള്‍ക്ക് ഭക്ഷണത്തിന് ഒരു മുട്ടുമില്ല. പക്ഷെ, നായകള്‍ ആക്രമണകാരികളാകുന്നത് ഈ സഞ്ചാരികള്‍ അത്ര ഗൌരവമായെടുക്കുന്നില്ല. തെരുവുനായ ശല്യം പാപനാശത്തെ ടൂറിസം മേഖലയെ ബാധിച്ചാലും അദ്ഭുതപ്പെടാനില്ല