സുധീരന് പകരക്കാരന്‍ ഉടനുണ്ടാകില്ലെന്ന് സൂചന
|ആരോഗ്യ പ്രശ്നങ്ങളാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന കാര്യം ഹൈകമാന്‍ഡ് നേതാക്കളെ സുധീരന്‍ രാജി പ്രഖ്യാപനത്തിന് തൊട്ട് മുമ്പാണ് അറിയിച്ചത്.
വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഹൈകമാന്‍ഡിന്റെ അറിവോടെ. എഐസിസി പ്രവര്‍ത്തകസമിതിയംഗം എ കെ ആന്‍റണി, ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് എന്നിവരുമായി രാജിക്ക് മുമ്പ് ആശയവിനിമം നടത്തി. അതേസമയം സുധീരന് പകരക്കാരനെ നിയോഗിക്കുന്നത് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ആരോഗ്യ പ്രശ്നങ്ങളാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന കാര്യം ഹൈകമാന്‍ഡ് നേതാക്കളെ സുധീരന്‍ രാജി പ്രഖ്യാപനത്തിന് തൊട്ട് മുമ്പാണ് അറിയിച്ചത്. ഇക്കാര്യം എഐസിസി പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ കെ ആന്‍റണി സ്ഥിരീകരിച്ചു.
രാജിക്കുള്ള സമ്മതം തേടാതെ രാജിവെക്കാനുള്ള തന്‍റെ തീരുമാനം മുന്‍കൂട്ടി അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് സൂചന. ആരോഗ്യപ്രശ്നത്തിന് അപ്പുറത്തുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ രാജിക്ക് പിന്നിലുണ്ടെന്ന വികാരവും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാല്‍ രാജി സ്വീകരിക്കാന്‍ തന്നെയാണ് സാധ്യത. പക്ഷെ പകരക്കാരനെ കണ്ടെത്തുന്നത് എളുപ്പമാകില്ല.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരുന്ന സാഹചര്യത്തിലും മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും ഇക്കാര്യത്തിലുള്ള തീരുമാനം വൈകും. അതിനാല്‍ വൈസ് പ്രസിഡന്റുമാര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാനുള്ള സാധ്യതയാണ് ഉയരുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്.