കോടതികളിലുള്ള നിരോധിത നോട്ട്; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
|ഹൈക്കോടതി രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളുടെ കൈവശമുള്ള നോട്ടുകള്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളില്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകളാണ് ഉള്ളത്. ഇവയില്‍ കഴിഞ്ഞ നവംബര്‍ 8ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് നിരോധിച്ച 500, 1000 നോട്ടുകളുടെ കാര്യത്തില്‍ ഇനി എന്ത് നടപടിയെടുക്കണമെന്നത് കീഴ്കോടതികള് ഹൈക്കോടതിയോട് ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടനെ തുടര്‍ന്നാണ് സ്വമേധയാ കേസെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. നിരോധിത നോട്ടുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ കോടതി നടപടികള്‍ക്കുശേഷം ഉചിതമായ ഉത്തരവുകള്‍ നല്കാന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് കീഴ്കോടതി ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്കി. ഇതിനൊപ്പം തന്നെ നിരോധിത നോട്ടുകളുടെ എണ്ണവും കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങളും തയ്യാറാക്കി ജില്ലാജഡ്ജിമാര് മുഖേന ഹൈക്കോടതിക്ക് സമര്‍പ്പിക്കാനും കീഴ്ക്കോടതി ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമാന സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹര്‍ജി തീര്‍പ്പാക്കിയ മധുര കോടതി കേസ് നടപടികള്‍ പൂര്‍ത്തിയായാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ കോടതി ഉത്തരവിനൊപ്പം വ്യക്തികള്‍ നല്കുന്ന നിരോധിത നോട്ടുകള്‍ മാറ്റിനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇക്കാര്യം റിസര്‍വ് ബാങ്ക് അധികൃതര്‍ ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രത്തിന്റെ വിശദീകരണത്തിനായി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റിവെച്ചു.