കറൻസി പ്രശ്നം വിനോദ സഞ്ചാര മേഖലയെ പ്രതിസന്ധിയിലാക്കി
|വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ കാത്തുകിടന്ന ബോട്ടുകളും മറ്റ് ജലവാഹനങ്ങളും ഓളത്തിൽ കെട്ടിയിയിട്ടിരിക്കുകയാണ്
കറൻസി പ്രശ്നം സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ അക്ഷരാർഥത്തിൽ വെള്ളത്തിലാക്കി. വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ കാത്തുകിടന്ന ബോട്ടുകളും മറ്റ് ജലവാഹനങ്ങളും ഓളത്തിൽ കെട്ടിയിയിട്ടിരിക്കുകയാണ്. വിദേശികളടക്കം സഞ്ചാരികൾ ആസ്വാദനത്തിന് അവധി നൽകി കഴിഞ്ഞു. ബുക്കിംഗുകൾ വൻതോതിൽ പിൻവലിക്കപ്പെട്ടതോടെ വലിയ നഷ്ടമാണ് ഈ മേഖലക്ക് സംഭവിച്ചിരിക്കുന്നത്.
കറന്‍സി പ്രശ്നമറിയാതെ വെള്ളത്തിലിറങ്ങാനെത്തിയവർ കരക്കായി. നോട്ടുണ്ടെങ്കിലും മാറി ലഭിക്കാത്തത് യാത്രക്കാർക്കുള്ള സൌകര്യമൊരുക്കുന്നതിനും തടസമായി. ഇതോടെ ഈ മേഖലയിൽ മൊത്തത്തിൽ ബന്ദിന്റെ പ്രതീതി. നോട്ട് പ്രശ്നം വന്നുപോകുന്ന യാത്രക്കാരെ മാത്രമല്ല ശമ്പളം ലഭിക്കുന്ന തൊഴിലാളികളെയും വെട്ടിലാക്കി.
വിദേശികളും സ്വദേശികളും അടക്കം കുട്ടനാടൻ സൗന്ദര്യം ആസ്വദിക്കാൻ എത്തിയ ഭൂരിപക്ഷം പേരും നോട്ടുകളുടെ നിരോധനത്തിൽ വലഞ്ഞു. അക്കൗണ്ടിൽ പണമുണ്ടെങ്കിലും അത് എടുക്കാൻ എടിഎമ്മോ മറ്റ് സൌകര്യങ്ങളോ ഇല്ല. ചുരുക്കത്തിൽ പണവിനിമയം നടത്താൻ സാവകാശം ലഭിക്കാത്തത് വിനോദസഞ്ചാരികളെ ദുരിതത്തിലാക്കി. നോട്ടുകളുടെ നിരോധം ടൂറിസം മേഖലയെ ദിവസങ്ങളോളം മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നാണ് വിലയിരുത്തൽ. സഞ്ചാരികളുടെ വരവ് കുറഞ്ഞാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം വിനോദസഞ്ചാര മേഖയ്ക്കുണ്ടാകും.