കേരളത്തിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി
|ന്യൂനപക്ഷങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്ന തന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്ന ആവശ്യവും കൌണ്‍സില്‍ യോഗത്തില്‍ ഉയരും.
ദേശീയ കൌണ്‍സില്‍ യോഗത്തില്‍ കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാകും. ന്യൂനപക്ഷങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്ന തന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്ന ആവശ്യവും കൌണ്‍സില്‍ യോഗത്തില്‍ ഉയരും. ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ പാര്‍ട്ടിക്കാകണമെന്ന നിര്‍ദേശമാണ്ദേശീയ പ്രസിഡന്റ് അമിത് ഷാ ഇന്നത്തെ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
ബിജെപി ദേശീയ കൌണ്‍സിലിനോടനുബന്ധിച്ച് ചേര്‍ന്ന നേതൃയോഗത്തില്‍ കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയായി. കോണ്‍ഗ്രസിനെ പിന്തള്ളി കേരളത്തില്‍ ഇടതു പക്ഷത്തിനു ബദലാകാന്‍ സാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനമുണ്ടാകണമെന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിനു നല്‍കുന്നത്. ഇതിനായി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്ന ആവശ്യമാണ് ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്നത്. സിപിഎം അക്രമരാഷ്ട്രീയത്തിലൂടെ ബിജെപിയുടെ വളര്‍ച്ചയെ തടയാനാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും കൌണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലുണ്ടാകും.
ന്യൂനപക്ഷങ്ങളെ കൂടി സഹകരിപ്പിച്ചു കൊണ്ടു മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. ക്രൈസ്തവ സംഘടനകളുമായി അടുപ്പം സ്ഥാപിക്കണമെന്ന ആവശ്യവും പാര്‍ട്ടിയിലുണ്ട്. ഇതു കൂടി ഉള്‍ക്കൊണ്ടു കൊണ്ടാകും പ്രമേയം തയ്യാറാക്കുക. ക്രൈസ്തവ സംഘടനകളുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് ദേശീയ നേതൃത്വം ഗൌരവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.