ദലിത് യുവതികള്‍ക്ക് ജാമ്യം
|സംഭവം കാട്ടുനീതിയെന്ന് വിഎം സുധീരന്‍.രമേശ് ചെന്നിത്തല വൈകിട്ട് ജയിലില്‍ യുവതികളെ സന്ദര്‍ശിക്കും
സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ദലിത് യുവതികള്‍ക്ക് ജാമ്യം. തലശ്ശേരി കോടതിയാണ് ജാമ്യം അനുവദിച്ചത് സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അക്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് തലശേരി പൊലീസിന്റെ നടപടി. തലശ്ശേരി കുട്ടിമാക്കേലിലെ അഖില, അഞ്ജന എന്നിവരെയാണ് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
കണ്ണൂരിലേത് കാട്ടുനീതിയെന്ന് വി എം സുധീരന്‍ പ്രതികരിച്ചു. എല്ലാവരയും ഒന്നിച്ച് കൊണ്ടുപോകണമെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വിഷയത്തിലെ നിലപാട് അംഗീകരിക്കാനാവില്ല.പോലീസ് കള്ളക്കഥ മെനയുകയാണെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കണ്ണൂരില്‍ ദലിത് യുവതികളെ ജയിലിലടച്ച സംഭവം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്റയും ദലിത് യുവതികളെ അറസ്റ്റ് ചെയ്തതില്‍ പൊലീസിന് തെറ്റുപറ്റിയോ എന്ന് പരിശോധിക്കുമെന്ന് കണ്ണൂര്‍ എസ് പി സഞ്ജയ് കുമാര്‍ ഗുരുഡിയും പറഞ്ഞു.
ഡിജിപിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും എസ് പി അറിയിച്ചു.
എന്നാല്‍, സംഭവത്തെ ന്യായീകരിച്ച് സിപിഎം രംഗത്തെത്തി. ദലിതര്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് തലശേരി എംഎല്‍എ എ എന്‍ ഷംസീര്‍ പറഞ്ഞു.
ദലിതരെ റിമാന്റ് ചെയ്യരുതെന്ന് നിയമത്തിന് മുന്‍പില്‍ ഇളവുണ്ടോയെന്ന് അറിയില്ലെന്നും ഷംസീര്‍ മീഡിയ വണിനോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ജയിലില്‍ കഴിയുന്ന യുവതികളെ സന്ദര്‍ശിക്കും. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമവും നടക്കും.