ശബരിമല പേര് മാറ്റത്തിലൂടെ സ്ത്രീ പ്രവേശ കേസില്‍ സുപ്രീം കോടതിയെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കടകംപള്ളി
|ശാസ്താവിന് ഭാര്യമാരുണ്ടെന്നത് സ്ത്രീ പ്രവേശ കേസില്‍ തിരിച്ചടിയാവുമെന്നതിനാലാണ് ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ പേര് നല്കാന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ഗുരുതരമായ നിയമലംഘനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി. പേര് മാറ്റത്തിലൂടെ സ്ത്രീപ്രവേശ കേസില്‍ കോടതിയെ കബളിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
കേരളത്തിലെ പെറ്റിക്ഷേത്രങ്ങളുടെ പേര് പോലും മാറ്റാന്‍ അധികാരമില്ലാത്ത ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആലോചിക്കാതെ ശബരിമലയുടെ പേര് മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ശബരിമല തന്ത്രിയെയും അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കും.
ശാസ്താവിന് ഭാര്യമാരുണ്ടെന്നത് സ്ത്രീ പ്രവേശ കേസില്‍ തിരിച്ചടിയാവുമെന്നതിനാലാണ് ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ പേര് നല്കാന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഇത് കോടതിയെ കബളിപ്പിക്കലാണെന്ന് മന്ത്രി പറഞ്ഞു
ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രമെന്നത് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കിയത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മിലെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റവിവാദം.