Kerala
ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഇടപെട്ടു: ജേക്കബ് തോമസ്ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഇടപെട്ടു: ജേക്കബ് തോമസ്
Kerala

ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഇടപെട്ടു: ജേക്കബ് തോമസ്

Alwyn K Jose
|
24 July 2017 8:19 PM GMT

ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരുടെ ഇടപെടല്‍ സ്ഥിരീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരുടെ ഇടപെടല്‍ സ്ഥിരീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിന്‍സണ്‍ എം പോളിന്റെയും, ശങ്കര്‍ റെഡ്ഡിയുടെയും നിര്‍ദ്ദേശമനുസരിച്ചാണ് എസ്പി അന്വേഷണം അവസാനിപ്പിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാനായി നല്‍കിയ കത്തിലാണ് ഡയറക്ടറുടെ പരാമര്‍ശം.

മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഇടപെടലുണ്ടായെന്ന ആക്ഷേപം ശരിവെക്കുന്നതാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. കേസില്‍ ആദ്യം അന്വേഷണം നടത്തിയപ്പോള്‍ കുറ്റപത്രമില്ലാതെ കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആര്‍ സുകേശനോട് നിര്‍ദ്ദേശിച്ചത് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളാണ്. പിന്നീട് നടന്ന ഒന്നാം തുടരന്വേഷണത്തിലും സമാന നിര്‍ദ്ദേശമുണ്ടായി. വിജിലന്‍സ് ഡയറക്ടറായിരുന്നു ശങ്കര്‍ റെഡ്ഡിയാണ് കേസ് അവസാനിപ്പിക്കാന്‍ അന്ന് എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അംഗീകരിക്കുക മാത്രമാണ് എസ്പി ചെയ്തതെന്നും വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ക്ക് ഡയറക്ടര്‍ നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ലീഗല്‍ അഡ്വൈസര്‍ ഈ കത്ത് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

ബാര്‍ കോഴ കേസ് അട്ടിമറിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ ഡയറക്ടറുടെ കത്തും കോടതി പരിഗണിച്ചിരുന്നു. പായ്ച്ചിറ നവാസ് എന്നയാളുടെ പരാതിയിലായിരുന്നു കോടതി നടപടി. ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എസ്പിക്കായിരിക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നിരിക്കെ മുന്‍ ഡയറക്ടര്‍മാര്‍ ഇടപെട്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരീകരണം അന്വേഷണം അട്ടിമറിച്ചെന്ന കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.

Similar Posts